'ഗവി" മനസിനും ശരീരത്തിനും എന്നും ആസ്വാദനത്തിന്റെ ആനന്ദത്തിന്റെ നിമിഷങ്ങൾ നൽകുന്ന നിത്യഹരിത വനപ്രദേശം.. ഗവി എന്ന് പറയുമ്പോൾ മലയാളികളുടെ മനസിൽ എന്നും ഓടിയെത്തുക അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുൽമേടുകളുമൊക്കെയായി സഞ്ചാരികളുടെ മനംമയക്കുന്ന പത്തനംതിട്ടയുടെ ഈ നാണക്കാരിയെ തന്നെയാണ്....
എന്നാൽ അങ്ങ് മലബാറിന്റെ മടിത്തട്ടിലുമുണ്ട് കൂടുതലാരുമറിയാത്തൊരു ഗവി... മലബാറുകാരുടെ സ്വന്തം ഗവി... സ്നേഹത്തിന്റെ സ്വന്തം നാടായ കോഴിക്കോടിന്റെ നഗരപ്രദേശങ്ങളിൽ നിന്നും മാറി ബാലുശേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന വയലടയാണ് മലബാറിന്റെ ഗവി എന്നറിയപ്പെടുന്നത്. കാഴ്ചയിലും അനുഭങ്ങളിലും ഗവിയുടെ കൊച്ചനിയത്തി തന്നെയാണ് വയലട.
യാത്രയെ സ്നേഹിക്കുന്നവർക്ക് എന്നും മികച്ച അനുഭവമാണ് വയലട നൽകുന്നത്. സമുദ്ര നിരപ്പിൽ നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട നിൽക്കുന്നത്. വയലട മലനിരയിൽ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും ഇവിടുത്തെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ്.
വയലടയിലെ മുള്ളൻപാറയും പ്രസിദ്ധമാണ്. വയലടയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് വിനോദ സഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നത്. മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന നീരുറവയും തട്ടുകളായുള്ള മലയും വയലടയുടെ പ്രത്യേകതയാണ്. പ്രകൃതിയുടെ മായക്കാഴ്ചകൾ തേടി പോകുന്ന യാത്രികർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് വയലട.