റാഞ്ചി: 34മത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന് റാഞ്ചിയിലെ ബിർസമുണ്ട സ്റ്രേഡിയത്തിൽ തുടക്കമായി. പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിന്റെ ആൻസിസോജൻ സ്വർണം നേടി. 5.96 മീറ്റർ താണ്ടിയാണ് ആൻസി സ്വർണം സ്വന്തമാക്കിയത്. അഞ്ചാം ശ്രമത്തിലാണ് ആൻസി സ്വർണം ഉറപ്പിച്ചത്. അതേസമയം കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ ആൻസിയെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയ പ്രഭാവതിക്ക് ഇവിടെ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അണ്ടർ 20 വിഭാഗം ലോംഗ് ജമ്പിൽ നിർമ്മൽ ബാബുവും കേരളത്തിനായി പൊന്നണിഞ്ഞു. 7.45 മീറ്റർ ചാടിയാണ് നിർമ്മലിന്റെ സ്വർണ നേട്ടം. മൂന്നാമത്തെ ശ്രമത്തിലാണ് നിർമ്മൽ സ്വർണം ഉറപ്പിച്ച ചാട്ടം ചാടിയത്.
അണ്ടർ 20 പെൺകുട്ടികളുടെ പോൾവോൾട്ടിൽ കേരളത്തിന്റെ ദിവ്യ മോഹനും സുവർണ നേട്ടം സ്വന്തമാക്കി. 3.20 മീറ്റർ ക്ലിയർ ചെയ്താണ് ദിവ്യയുടെ സ്വർണ നേട്ടം. കേരളത്തിന്റെ തന്നെ വി.എസ്. സൗമ്യ (2.90മീറ്റർ) ഈ ഇനത്തിൽ വെങ്കലം നേടി.
അണ്ടർ 18 വിഭാഗം പോൾ വോൾട്ടിൽ ബ്ലെസ്സി കുഞ്ഞുമോൻ കേരളത്തിനായി വെള്ളിനേടി. കേരളത്തിന്റെ മീറ്രിലെ ആദ്യ മെഡലായിരുന്നു ഇത്. 2.90 മീറ്റർ പോളിൽ കുത്തി പറന്നാണ് ബ്ലെസി വെള്ളി സ്വന്തമാക്കിയത്. അണ്ടർ 20 പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ മേഘാ മറിയം മാത്യു കേരളത്തിനായി വെങ്കലം സ്വന്തമാക്കി. 13.35 മീറ്റർ ദൂരത്തേയ്ക്ക് ഷോട്ട് പായിച്ചാണ് മേഘ വെങ്കലം നേടിയത്. അണ്ടർ 16 പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ പഞ്ചാബിന്റെ ജാസ്മിൻ കൗറും (14.27 മീറ്രർ), അണ്ടർ 16 പെൺകുട്ടികളുടെ ഹൈജമ്പിൽ കർണാടകയുടെ ശൈലി സിംഗും (5.94 മീറ്രർ) ഇന്നലെ പുത്തൻ മീറ്ര് റെക്കാഡോടെ സ്വർണം നേടി.