റാവൽപിണ്ടി: താലിബാൻ ഭീകരസംഘടനയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന മൗലാന സമി ഉൾഹക്ക് (82) കൊല്ലപ്പെട്ടു. റാവൽപിണ്ടിയിലെ വസതിയിലാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമി ഉൾഹക്കിന്റെ വസതിയിലെത്തിയ അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. താലിബാൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകളെ നിലപാടുകളാണ് സമി ഉൾഹക്കിന്റേത്. അതിനാൽ താലിബാന്റെ പിതാവ് എന്നും ഹക്ക് അറിയപ്പെട്ടിരുന്നു.
വീട്ടിൽ വിശ്രമിക്കുന്നതിനിടെ ഹക്കിന്റെ സുരക്ഷാഭടൻ കൂടിയായ ഡ്രൈവർ പുറത്ത് പോയ സമയത്താണ് ആക്രമണം ഉണ്ടായതെന്ന് മകൻ ഹമീദ് ഉൾ ഹക്ക് പറഞ്ഞു. ഹക്കിന്റെ മതദേഹം പോസ്റ്റ് മോർട്ടത്തിനായി റാവൽപിണ്ടിയിലെ ഡി.എച്ച്.ക്യു ആശുപത്രിയിലേക്ക് മാറ്റി.
1985ലും 1991ലും പാകിസ്ഥാൻ സെനറ്റിൽ അംഗമായിരുന്നു സമി ഉൾഹക്ക്. പാകിസ്ഥാനിൽ ശരീഅത്ത് ബിൽ പാസാക്കുന്നതിൽ ഹക്ക് സുപ്രധാന പങ്കുവഹിച്ചിരുന്നു.
തീവ്രനിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ ജമിയത്ത് ഉലമ–ഇ–ഇസ്‌ലാം–സമി(ജെയുഐ–എസ്) പാർട്ടി നേതാവും പാക്കിസ്ഥാനിൽ ഏറെ സ്വാധീനമുളള മതപാഠശാലകളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയ മദ്രസ തലവനുമായിരുന്നു ഹഖ്.