പൂനെ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്രേഴ്സിന് വീണ്ടും സമനില.ഇന്നലെ നടന്ന മത്സരത്തിൽ പൂനെ സിറ്റി എഫ്.സിക്കെതിരേയും ബ്ലാസ്റ്രേഴ്സ് സമനിലയിൽ പിരിഞ്ഞു. പൂനെയുടെ തട്ടകത്തിൽ നടന്ന മത്സരം 1-1ന്റെ സമനിലയിലാണ് അവസാനിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. മത്സരത്തിനിടെ കിട്ടിയ പെനാൽറ്റി നഷ്ടമാക്കിയത് പൂനെയ്ക്ക് തിരിച്ചടിയായി. പതിമ്മൂന്നാം മിനിറ്റിൽ മാർക്കോ സ്റ്റാൻകോവിച്ച്് ഗോവയെ മുന്നിലെത്തിച്ചു. 61-ാം മിനിറ്റിൽ ക്രക്ക്മരെവിച്ച് ബ്ലാസ്റ്രേഴ്സിന് സമനില ഗോൾ സമ്മാനിക്കുകയായിരുന്നു.
കളിച്ച അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ നാലാം സമനിലയാണിത്. 7 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണിപ്പോൾ. അഞ്ച് മത്സരങ്ങളിൽ നിന്ന് 3 സമനിലയും രണ്ട് തോൽവിയും സമ്പാദ്യമായുള്ള പൂനെ ഒമ്പതാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കിയിരുന്നു.
മത്സരത്തിൽ പൂനെയെക്കാൾ മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ബാൾ പൊസഷനിലും പാസിംഗിലും തൊടുത്ത ഷോട്ടുകളുടെ എണ്ണത്തിലും ബ്ലാസ്റ്റേഴ്സായിരുന്നു ബഹുദൂരം മുന്നിൽ.
തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളായിരുന്നെങ്കിലും 13-ാം മിനിറ്റിൽ സ്റ്റാൻകോവിച്ച് തകർപ്പൻ ഷോട്ടിലൂടെ പൂനെയെ മുന്നിലെത്തിച്ചു.41-ാം മിനിറ്റിൽ ക്രക്ക്മരെവിച്ച് പൂനെ ഗോളിയേയും മറികടന്ന് പന്ത് വലയ്ക്കത്താക്കിയെന്ന് ടിവി റീപ്ലേകളിൽ വ്യക്തമായിരുന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആക്രമണം കനപ്പിച്ചു. ഇതിനിടെ 57-ാം മിനിറ്റിൽ പൂനെയ്ക്ക് അനുകൂലമായി പെനാൽറ്റി കിട്ടി. കോർണർ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ക്രക്ക്മരെവിച്ച് അൽഫാരോയെ ഫൗൾ ചെയ്തതിനാണ് റഫറി പൂനെയ്ക്കനുകൂലമായി പെനാൽറ്റി വിധിച്ചത്. എന്നാൽ അൽഫാരോ എടുത്ത പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിയില്ല.
തുടർന്ന് ആക്രമണം കനപ്പിച്ച ബ്ലാസ്റ്റേഴ്സ് 61-ാം മിനിറ്റിൽ സമനില സ്വന്തമാക്കുകയായിരുന്നു. ക്രക്ക്മരെവിച്ച് തന്നെയാണ് ബ്ലാസ്റ്രേഴ്സിന്റെ സമനില ഗോൾ നേടിയത്.