ramesh-pisharody-

പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ഗാനഗന്ധർവ്വൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹാസ്യവും സംഗീതവും കൂട്ടിയിണക്കി ഒരുക്കുന്ന ഒരു ഫാമിലി എന്റർടെയ്നറായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങും.ചിത്രത്തിന്റെ ടീസർ തന്നെ മമ്മൂട്ടിക്ക് ആദരവായാണ് സമ്മർപ്പിച്ചിരിക്കുന്നത്.ഗാനമേള സ്റ്റേജിൽ അടിപ്പൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഉല്ലാസിനെ കൂട്ടുകാരും നാട്ടുകാരും വിളിക്കുന്നത് ഗാനഗന്ധർവ്വൻ എന്നാണ് .മമ്മൂട്ടി ഇതു വരെ അവതരിപ്പിക്കാത്ത കഥാപാത്രം.കലാസദൻ ഉല്ലാസിന്റെ സംഭവബഹുലമായ ജീവിതമാണ് ചിത്രം പറയുന്നത്.ഇച്ചായീസ് പ്രൊഡക്ഷൻസും രമേശ് പിഷാരടി എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്


ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്നിവയാണ് മറ്റ് മലയാള പ്രോജക്ടുകൾ.


അതേസമയം മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഷൂട്ടിംഗ് പൂർത്തിയായി. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ മഹി വി. രാഘവ് മമ്മൂട്ടിയെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാർഗദർശിയും നല്ലൊരു മനുഷ്യനുമാണ് മമ്മൂട്ടി.ഏത് തരത്തിലുള്ള കഥാപാത്രത്തെയും തന്നിലേക്ക് ആവാഹിച്ചാണ് അദ്ദേഹം അഭിനയിക്കുന്നത്.വൈ.എസ്.ആറായി മാറുന്നതിന് മുൻപ് അദ്ദേഹം കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. മഹി വി. രാഘവ് കുറിച്ചു. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 21ന് തിയേറ്ററുകളിലെത്തും. 70 എം. എം. പിക്ചേഴ്സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേർന്നാണ് നിർമ്മാണം.


തമിഴ് ചിത്രം പേരൻപാണ് മമ്മൂട്ടിയുടെ മറ്റൊരു ഇതരഭാഷാ ചിത്രം. റാം സംവിധാനം ചെയ്ത പേരൻപ് റോട്ടർഹാം ചലച്ചിത്ര മേളയിലും ഷാംഗ്ഹായ് ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിരുന്നു.ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.