ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദ നമ്പി എഫക്ടിന്റെ ടീസർ റിലീസ് ചെയ്തു. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് ടീസറാണ് പുറത്തിറങ്ങിയത്. മാധവൻ, ആനന്ദ് മഹാദേവൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായക വേഷത്തിൽ എത്തുന്നതും മാധവനാണ്. ഐ.എസ്.ആർ.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണൻ രചിച്ച റെഡി ടു ഫയർ: ഹൗ ഇന്ത്യ ആൻഡ് ഐ സർവൈവ്ഡ് ഐ.എസ്.ആർ.ഒ സ്പൈ കേസ് എന്ന പുസ്തകം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ചിലപ്പോൾ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റായി മാറുന്നുവെന്ന് ടീസറിൽ പറയുന്നു. ചിത്രത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ മാധവൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ മനുഷ്യന്റെ കഥ കേൾക്കുമ്പോൾ, അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ച് മനസിലാകുമ്പോൾ നിങ്ങൾക്ക് നിശബ്ദരായിരിക്കാൻ ആവില്ലെന്ന് മാധവൻ വീഡിയോയിൽ പറഞ്ഞു. നമ്പി നാരായണന്റെ 27 മുതൽ 75 വയസുവരെയുള്ള ജീവിതമാണ് റോക്കട്രി ദ നമ്പി എഫക്ട് പറയുന്നത്. നമ്പി നാരായണൻ ആകാനുള്ള തയ്യാറെടുപ്പുകൾ മാധവൻ നേരത്തെ തുടങ്ങിയിരുന്നു.