-ajith

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ബോളിവുഡ് ചിത്രം പിങ്ക് തമിഴിൽ റീമേക്ക് ചെയ്യുന്നു. അമിതാഭ് ബച്ചൻ അവതരിപ്പിച്ച അഭിഭാഷകന്റെ വേഷത്തിൽ സൂപ്പർതാരം അജിത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. എച്ച്. വിനോദാണ് സംവിധായകൻ. തമിഴിലെയും ഹിന്ദിയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കും. എ.ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

ബോളിവുഡിലെ പ്രമുഖ നിർമ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ ചിത്രം നിർമ്മിക്കും. നേരത്തെ ശ്രീദേവി നായികയായ ഇംഗ്ളീഷ് വിംഗ്ളീഷ് എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച അതിഥി വേഷം തമിഴിൽ പതിപ്പിൽ അവതരിപ്പിച്ചത് അജിത്തായിരുന്നു. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത പിങ്ക്, റിലീസ് ചെയ്തത് 2016ലാണ്. തപ്സി പാനുവാണ് ബച്ചനൊപ്പം മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചത്. തപ്‌സി തന്നെ തമിഴിലും അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.