തിരുവനന്തപുരം : വർഷങ്ങളായി മനസിനുള്ളിൽ സൂക്ഷിച്ച വലിയ ആഗ്രഹത്തിന്റെ പരിസമാപ്തിയായിരുന്നു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അരുൺ ലാലിന് വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യവെസ്റ്റ് ഇൻഡീസ് ഏകദിനം. കരി (ചാർക്കോൾ) മാത്രം ഉപയോഗിച്ച് വരച്ച ഇന്ത്യൻ കാപ്ടൻ വിരാട് കൊഹ്ലിയുടെയും മുൻ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിയുടെയും മനോഹരമായ ചിത്രങ്ങൾ താരങ്ങളെ നേരിൽക്കണ്ട് സമ്മാനിച്ച് അതിൽ ആട്ടോഗ്രാഫ് വാങ്ങുക എന്നതായിരുന്നു അരുൺ ലാലിന്റെ ആഗ്രഹം. അല്പം കഷ്ടപ്പെട്ടെങ്കിലും സ്വപ്നം പൂവണിഞ്ഞു.
തിരുവനന്തപുരത്തെത്തിയ കൊഹ്ലിയെയും ധോണിയെയും നേരിൽക്കണ്ട് ചിത്രങ്ങൾ നൽകാനുള്ള അനുമതിക്കായി ഡി.ജി.പി ലോക്നാഥ് ബെഹ്രയെയാണ് ആദ്യം സമീപിച്ചത്. തുടർന്ന് ഡി.ജി.പി, ഐ.ജി മനോജ് എബ്രഹാമുമായും അദ്ദേഹം സെക്യൂരിറ്റി ചുമതലയുള്ള ഡ്യൂട്ടി ഓഫീസറുമായും ബന്ധപ്പെട്ടാണ് താരങ്ങളെ നേരിൽ കാണാനുള്ള അവസരമൊരുക്കിയത്.
താരങ്ങൾ താമസിച്ച കോവളം ലീല റാവിസ് ഹോട്ടലിൽ വച്ചാണ് അരുൺ ലാൽ ചിത്രങ്ങൾ സമ്മാനിച്ചത്. എന്തുപയോഗിച്ചാണ് ഇത് വരച്ചതെന്ന് ചോദിച്ച വിരാട് കൊഹ്ലി ചാർക്കോൾ കൊണ്ടാണ് വരച്ചതെന്ന് പറഞ്ഞപ്പോൾ അരുൺ ലാലിനെ അഭിനന്ദിച്ചു. ചാർക്കോൾ മാത്രം ഉപയോഗിച്ച് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരച്ചതിന്റെ ദേശീയ റെക്കാഡും 12 മിനിട്ടിൽ 180 പേരുടെ ശബ്ദം അനുകരിച്ചതിന്റെ യു.ആർ.എഫ് ഏഷ്യൻ റെക്കാഡും അരുൺ ലാലിന്റെ പേരിലുണ്ട്.
2017 നവംബറിൽ കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യന്യൂസിലൻഡ് മത്സരത്തിനിടെ താരങ്ങളെ കണ്ട് ആട്ടോഗ്രാഫ് വാങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ത്യ വെസ്റ്റിൻഡീസ് മാച്ചിനായി തിരുവനന്തപുരം സ്പാർക്കിൽ ജോലി ചെയ്യുന്ന അരുൺ കാത്തിരുന്നത്.