തിരുവനന്തപുരം : നിഷ്‌കളങ്കരായ ഒരുകൂട്ടം ആളുകളുടെ സ്‌നേഹ വാത്സല്യത്തിന് നടുവിൽ ആർഭാടങ്ങളും ആഡംബരങ്ങളുമില്ലാതെ പിറന്നാൾ മധുരം നുകർന്ന് അന്നമ്മ ടീച്ചർ. ഇന്ന് 89ാം പിറന്നാൾ ആഘോഷിക്കുന്ന പോങ്ങുംമൂട് എൽ.പി സ്‌കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ബാപ്പുജി നഗറിൽ അന്നമ്മ തോമസാണ്, മക്കൾക്കൊപ്പം ഇന്നലെ രാവിലെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ ജെറിയാട്രിക് വാർഡിൽ പിറന്നാൾ സന്തോഷം പങ്കിടാനെത്തിയത്.
ജീവിത സായാഹ്നത്തിൽ അനാഥത്വവും പേറി രോഗശയ്യയിൽ കിടക്കുന്ന നൂറോളം പേരാണ് ജെറിയാട്രിക് വാർഡിലുള്ളത്. ശരീരത്തിൽ സോഡിയത്തിന്റെ അളവ് ഇടയ്ക്കിടെ കുറയുന്നതിനാൽ വീൽചെയറിലാണ് അന്നമ്മ ടീച്ചറെത്തിയത്. ആരോരുമില്ലാത്തവർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ സന്മനസുകാട്ടിയ ടീച്ചറെയും മക്കളെയും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ സ്വീകരിച്ചു. വാർഡിലെ അന്തേവാസികൾ ആഹ്ലാദത്തോടെയാണ് അതിഥികളെ വരവേറ്റത്. പ്രായത്തിന്റെ അവശതകൾ മറന്ന് ചിലർ പാട്ടുപാടി, കൈയടിച്ചു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്തവരുടെ മുഖത്തു പോലും സന്തോഷപ്പുഞ്ചിരി വിരിഞ്ഞു. അന്നമ്മ ടീച്ചറും മക്കളും ഓരോരുത്തരുടെയും അരികിലെത്തി സുഖവിവരങ്ങൾ തിരക്കി. മനസിൽ സങ്കടക്കടൽ അലയടിക്കുന്ന പലരുടെയും മുഖത്ത് സ്‌നേഹദീപം തെളിഞ്ഞതോടെ ടീച്ചർ ഹാപ്പി.
സന്തോഷത്തിന് ഇരട്ടി മധുരം പകർന്ന് ആശുപത്രിയുടെ വകയായി പിറന്നാൾ സമ്മാനവും പൂക്കളും ഗോകുലം ഗോപാലൻ അന്നമ്മ ടീച്ചർക്ക് നൽകി. ഇംഗ്ലണ്ടിലെ അദ്ധ്യാപികയായ മകൾ രശ്മി ഫിലിപ്പാണ് അമ്മയുടെ പിറന്നാൾ ആരോരുമില്ലാത്തവർക്കൊപ്പം ആഘോഷിക്കാമെന്ന് നിർദ്ദേശിച്ചത്. സഹോദരൻമാരായ ഡോ. എബ്രഹാം തോമസും ക്യാപ്ടൻ മാത്യു തോമസും പിന്തുണച്ചതോടെ ആശുപത്രിയുടെ അനുമതി വാങ്ങി. എല്ലാ വർഷവും അമ്മയോടൊപ്പം നാട്ടിൽ നിൽക്കാൻ രശ്മി സമയം കണ്ടെത്താറുണ്ട്. ഇക്കുറി ഏഴുമാസമാണ് അവധി. വാർദ്ധക്യത്തിൽ മാതാപിതാക്കളെ ബാദ്ധ്യതയായി കാണുന്ന മക്കൾക്ക് മാതൃകയാണ് അന്നമ്മ ടീച്ചറുടെ മക്കൾ. ഉച്ചയ്ക്ക് അന്തേവാസികൾക്കൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചാണ് ടീച്ചറും മക്കളും ബന്ധുക്കളും മടങ്ങിയത്. ആശുപത്രി ഡയറക്ടർ ഡോ.കെ.കെ. മനോജൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷീജ, ജെറിയാട്രിക് വിഭാഗം മേധാവി ഡോ.കെ.എൻ. രാമൻ നായർ, മെഡിക്കൽ വിഭാഗം അഡ്മിനിസ്‌ട്രേറ്റർ ജിജി, നഴ്സ് ഇൻ ചാർജ് ആശ തുടങ്ങിയവർ പങ്കെടുത്തു.