തിരുവനന്തപുരം : മാനം ചുംബിക്കുന്ന വൻമരങ്ങൾ, ചില്ലകൾ നിറയെ തടിയിലുള്ള കിളിക്കൂടുകൾ, കിളികൾക്ക് ഭക്ഷണമൊരുക്കാൻ പ്രത്യേക സൗകര്യം, ചിത്രശലഭങ്ങൾക്കായി പൂന്തോട്ടം മനസിനും കണ്ണിനും കുളിരേകുന്ന ഈ കാഴ്ചകൾ ഇതാ നമ്മുടെ ഹൃദയനഗരത്തിൽ ഒരുങ്ങിക്കഴിഞ്ഞു. തൈക്കാട്ടെ സർക്കാർ അതിഥി മന്ദിരത്തിന് സമീപത്തെ കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ആസ്ഥാനത്താണ് ഈ ദൃശ്യാനുഭവം കാത്തിരിക്കുന്നത്. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയ കാലത്ത് ഇവിടത്തെ മരങ്ങളുടെ മിക്ക ശിഖരങ്ങളും ഒടിഞ്ഞിരുന്നു. ഇതോടെ ഇവിടെയുണ്ടായിരുന്ന പക്ഷികളുടെ വാസസ്ഥലവും നഷ്ടമായി. തുടർന്നാണ് പക്ഷികൾക്കായി മരത്തിൽ കൂടുകളൊരുക്കാൻ അധികൃതർ തീരുമാനിച്ചത്.
കാമ്പസ് നവീകരണം പുരോഗമിക്കുകയാണ്. അതിനാൽ കൂടിനുള്ള മരത്തിനായി അലയേണ്ടിവന്നില്ല. കാലപ്പഴക്കത്താൽ ഒഴിവാക്കിയ മരവസ്തുക്കളിലാണ് ഓരോ പക്ഷികൾക്കും അനുയോജ്യമായ കൂടുകളൊരുക്കിയത്. ഇതിനായി ഓരോ പക്ഷികളും ചേക്കേറുന്ന മരങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനോടകം 60 കൂട് നിർമ്മിച്ചു. 30 എണ്ണം മരങ്ങളിലും സ്ഥാപിച്ചു. ശേഷിക്കുന്നവ വൈകാതെ സ്ഥാപിക്കും. ഇനി 60 കൂടുകൾ കൂടി നിർമ്മിക്കും.
ചിത്രശലഭങ്ങളെ ആകർഷിക്കാൻ ചെടികൾ നട്ടുപിടിപ്പിച്ച പാർക്കുമൊരുക്കി. സീസണിൽ 17 ഇനം ശലഭങ്ങൾ മുട്ടയിടാൻ കാമ്പസിലെത്താറുണ്ടായിരുന്നു. എന്നാൽ ഇവയ്ക്ക് കേന്ദ്രീകൃതമായൊരു സ്ഥലം ഉണ്ടായിരുന്നില്ല. തുടർന്നാണ് അധികൃതർ പ്രത്യേക പാർക്ക് ഒരുക്കിയത്. വനംവകുപ്പിൽ നിന്നും സ്വന്തംനിലയിലുമായാണ് പാർക്കിലേക്കുള്ള ചെടികളെത്തിച്ചത്. കാമ്പസിന്റെ ഓഫീസിനോട് ചേർന്നാണ് 55 പുഷ്പിക്കുന്ന സസ്യങ്ങൾകൊണ്ട് ഒരുക്കിയ ചിത്രശലഭ പാർക്ക്. വിദ്യാർത്ഥികളും തോട്ടം ജോലിക്കാർക്കുമാണ് പാർക്കിന്റെ സംരക്ഷണം. പാർക്കിന് എതിർവശത്ത് 27 ജന്മനക്ഷത്രങ്ങളുടെ പേരിലുള്ള വൃക്ഷത്തൈകൾ കൊണ്ടൊരുക്കിയ നക്ഷത്രവനവുമുണ്ട്.
കൂടുകളുടെയും പാർക്കിന്റെയും ചിത്രങ്ങൾ വിദ്യാർത്ഥികൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ വിവിധ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ഇതേക്കുറിച്ചറിയാൻ സമീപിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. മിക്കവർക്കും കൂട് വാങ്ങാനാണ് താത്പര്യം. എന്നാൽ ഇവ വിൽക്കാൻ അധികൃതർ ഒരുക്കമല്ല. പകരം താത്പര്യവും സ്ഥലവുമുള്ളവർക്ക് കേന്ദ്രത്തിന്റെ പേരിൽ കൂടുകൾ നിർമ്മിച്ച് നൽകാമെന്നാണ് നിർദ്ദേശം. ഗാന്ധിപാർക്ക്, മ്യൂസിയം, പാളയം മാർക്കറ്റ് എന്നിവിടങ്ങളിൽ അങ്ങാടിക്കുരുവികൾക്കായി ഒട്ടേറെ കൂടുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ അനുമതി ലഭിച്ചാൽ ഇവ സ്ഥാപിക്കും. കൂടാതെ പ്രവർത്തനങ്ങൾ അടുത്തതായി കേന്ദ്രത്തിന്റെ മലയാറ്റൂരിലെ കാമ്പസിൽ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.