തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുഖം മാറ്റുന്ന, പുകയും കരിയുമേൽക്കാതെ തലസ്ഥാനം ചുറ്റിക്കാണാനുള്ള ശീതീകരിച്ച ആകാശപാത പദ്ധതി സ്പോർട്സ് വകുപ്പ് കൈയൊഴിഞ്ഞു. 300 കോടി ചെലവുള്ള പദ്ധതി മരാമത്ത് വകുപ്പ് ഏറ്റെടുത്തെങ്കിലും ഒരു ഫയൽപോലും അനങ്ങിയിട്ടില്ല. വിദേശകമ്പനികളിൽ നിന്നടക്കം താത്പര്യപത്രം ക്ഷണിച്ച്, ഫ്രഞ്ച് കമ്പനിയായ സ്റ്റൂപ്പ് അടക്കം ആറ് കമ്പനികളുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയ ഘട്ടത്തിലാണ് ആകാശപാതയുടെ 'വകുപ്പുമാറിയത് '. കമ്പനികളുടെ സാമ്പത്തികസ്ഥിരതാ പരിശോധന നടത്താനിരിക്കെ അവസാനിച്ച നടപടികൾ ഒരുമാസത്തിലേറെയായിട്ടും അനങ്ങിയിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച വൻകിട പദ്ധതികളിൽപ്പെട്ടതും ഏറ്റവും മുൻഗണനയോടെ നടപ്പാക്കേണ്ടതുമായ ആകാശപാത, വകുപ്പുമാറ്റത്തെ തുടർന്ന് വൈകുമെന്ന് ആശങ്കയുണ്ട്.
തമ്പാനൂർ റെയിൽവേസ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷൻ എന്നിവയുടെ മുന്നിൽ നിന്ന് എസ്.എസ് കോവിൽ റോഡുവഴി സെക്രട്ടേറിയറ്റിലേക്കും കിഴക്കേകോട്ട വഴി ചാലയിലേക്കും രണ്ട് ദിശകളിലാണ് ആകാശപാതാ പദ്ധതി. റോഡുകളുടെ മദ്ധ്യഭാഗത്ത് ഒരുമീറ്റർ വിസ്തൃതിയിലെ ഉരുക്കുതൂണുകളിലാവും ആകാശപാത ഉയരുക. 250-300 കോടി രൂപയാണ് ചെലവ്.തലസ്ഥാനത്തിന്റെ സൗന്ദര്യവും പൗരാണിക തനിമയും കളയാതെ, കേരളീയ വാസ്തുശൈലിയിലാവും ആകാശപാത പണിയുക. സെൻട്രൽ സ്റ്റേഡിയം നവീകരണവും ആകാശപാതയും, പാർക്കിംഗ്, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിങ്ങനെ രണ്ട് പദ്ധതികളാണ് സ്പോർട്സ് വകുപ്പ് തയ്യാറാക്കിയിരുന്നത്. ഇതിൽ ആകാശപാത മാത്രം സർക്കാർ അംഗീകരിച്ചതോടെ സ്പോർട്സ് വകുപ്പിന് താത്പര്യം നഷ്ടമായി. മറ്റ് പദ്ധതികൾ ഇൻകെലിന് കൈമാറാനാണ് ആലോചന. മരാമത്ത് പണികൾ ഏറ്റെടുക്കില്ലെന്ന ന്യായം പറഞ്ഞാണ് ആകാശപാതയെ കൈയൊഴിഞ്ഞത്. സെൻട്രൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനുള്ള ഫണ്ടുപയോഗിച്ച് ആകാശപാതയുണ്ടാക്കാനുള്ള തീരുമാനവും മാറ്റിയിട്ടുണ്ട്.
ഏഴ് കമ്പനികളാണ് ആകാശപാത നിർമ്മാണത്തിന് താത്പര്യമറിയിച്ചത്. മൂന്ന് അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയിൽ 35 സ്കൈവാക്കുകൾ പണിത രണ്ട് കമ്പനികളും രംഗത്തുണ്ട്. ഇതിൽ ആറുകമ്പനികളെ ചുരുക്കപ്പട്ടികയിൽ പെടുത്തി. ഇനി കമ്പനികളിൽ നിന്ന് ഫിനാൻഷ്യൽ ബിഡ് വാങ്ങി, ആർക്കിടെക്ചർ ആൻഡ് സ്ട്രക്ചറൽ കൺസൾട്ടന്റിനെ തിരഞ്ഞെടുക്കും. അന്യജില്ലകളിൽ നിന്നെത്തുന്നവർ തലസ്ഥാനത്ത് ബസും ട്രെയിനുമിറങ്ങി സെക്രട്ടേറിയറ്റിലേക്കും ക്ഷേത്രത്തിലേക്കും പോകേണ്ടവർക്ക് ആകാശപാതയിലൂടെ നേരെ നടന്നാൽമതി. നേരത്തേ എം.ജി റോഡിന്റെ മീഡിയനിലൂടെ സെക്രട്ടേറിയറ്റു വരെ ആകാശപാത നിർമ്മിക്കാനായിരുന്നു പദ്ധതി. ലൈറ്റ്മെട്രോയുടെ റൂട്ടും ഡിസൈനുമടക്കം കമ്പനികൾക്ക് നൽകിയിരുന്നു. പക്ഷേ, എസ്.എസ് കോവിൽ റൂട്ടാണ് കൂടുതൽ കമ്പനികളും നിർദ്ദേശിച്ചത്.
വിമാനത്താവളങ്ങളുടെ നിർമ്മാണത്തിനുള്ള ആധുനിക സ്റ്റീൽ ഗ്ലൈഡിംഗുകൾ ഉപയോഗിച്ചാവും ആകാശപാത നിർമ്മിക്കുക. പ്രധാന ജംഗ്ഷനുകളിലടക്കം 12 സ്ഥലങ്ങളിൽ കയറാനും ഇറങ്ങാനും പടവുകളും എസ്കലേറ്ററുകളുമുണ്ടാവും. ഹൗസിംഗ് ബോർഡിലെ ഓഫീസുകളിലേക്കും മാളുകളിലേക്കും ഷോപ്പിംഗ് കേന്ദ്രങ്ങളിലേക്കും കണക്ഷനും പരിഗണനയിലുണ്ട്. കാൽനട മാത്രമായതിനാൽ വൻ കോൺക്രീറ്റ് തൂണുകൾ ആവശ്യമില്ല. ഒരുമീറ്ററിൽ താഴെ വീതിയുള്ള ഉരുക്ക് തൂണുകളാവും ആകാശപാതയ്ക്കുണ്ടാവുക. ആകാശപാത വരുന്നതോടെ നഗരത്തിലെ അപകടങ്ങൾ കുറയുമെന്നാണ് നാട്പാകിന്റെ റിപ്പോർട്ട്. വിശദമായ പഠനം നടത്തി പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കുന്നത് കൺസൾട്ടന്റാണ്. കരാറായാൽ 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാവും. കിഫ്ബി ധനസഹായവും നഗരവികസനത്തിന് കുറഞ്ഞപലിശയ്ക്ക് ലഭിക്കുന്ന വിദേശവായ്പകളുമുപയോഗിച്ച് ആകാശപാത പണിയാനാണ് ധാരണ.
തിരക്കില്ലാത്ത സമയങ്ങളിൽ ആകാശപാതയിൽ ഫുഡ്കോർട്ട്, ഹിസ്റ്ററി ഷോ, പ്രദർശനങ്ങൾ എന്നിവയ്ക്ക് അനുമതി നൽകും. പരസ്യങ്ങൾ, ഡിസ്പ്ലേ ബോർഡുകൾ എന്നിവയിലൂടെയും വരുമാനമുണ്ടാക്കും. നഗരമദ്ധ്യത്തിലായതിനാൽ ആകാശപാതയിൽ വാണിജ്യസാദ്ധ്യതയുണ്ടെന്നാണ് പഠനറിപ്പോർട്ട്. ആകാശപാതയുടെ ഉടമസ്ഥത സർക്കാരിനാണ്. അറ്റകുറ്റപ്പണിയും നടത്തിപ്പും സ്വകാര്യകമ്പനിക്ക് നൽകും. വരുമാനത്തിലെ വിഹിതം സർക്കാരിന് നൽകണം. ഓരോ 300 മീറ്ററിലും സുരക്ഷാ, വിശ്രമ കേന്ദ്രങ്ങളുണ്ടാവും. ടോയ്ലറ്റ്, കുടിവെള്ളം, മാലിന്യസംഭരണി എന്നിവയുമുണ്ടാവും. രണ്ടുവശത്തേക്കുമായി 8 കിലോമീറ്റർ ദൂരമുള്ളതിനാൽ നഗരത്തിന്റെ ജോഗിംഗ് വേയായി ആകാശപാത മാറും.