തിരുവനന്തപുരം : കഴക്കൂട്ടം - കാരോട് ബൈപാസിലെ സർവീസ് റോഡിൽ ബസ് ഓടിക്കാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സിക്ക് മെക്കാനിക്കൽ വിഭാഗത്തിന്റെ ഉപദേശം. കാറുപോലും ഓടിക്കാൻ ഭയപ്പെടുന്ന വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതേസമയം ബസ് റൂട്ടിനായി നിർമ്മാതാക്കൾ കണ്ടെത്തിയിരിക്കുന്നതും സ്റ്റോപ്പുകൾ നിർമ്മിച്ചിരിക്കുന്നതുമെല്ലാം സർവീസ് റോഡുകളിലാണ്. തുടർന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ ഇക്കാര്യം വിലയിരുത്തിയപ്പോഴാണ് സർവീസ് റോഡു വഴി ബസ് ഓടിക്കുന്നത് അപകട സാദ്ധ്യതയുണ്ടാക്കുമെന്ന് കണ്ടെത്തിയത്.ചെങ്കുത്തായ കയറ്റവും കുത്തിറക്കവും കഴക്കൂട്ടം - കാരോട് പാതയിൽ ധാരാളമുണ്ട്. വാഹനം ഓടിക്കുന്ന ആരെയും പേടിപ്പിക്കുന്ന രീതിയിലാണ് കിടപ്പ്. കഴക്കൂട്ടത്തിനും ചാക്കയ്ക്കുമിടയ്ക്ക് ആക്കുളം ഭാഗത്താണ് കയറ്റവും ഇറക്കവുമുള്ളത്. ചാക്ക മുതൽ വാഴമുട്ടം വരെ സമതലമായതിനാൽ സർവീസ് റോഡിന് പ്രശ്നമില്ല. വാഴമുട്ടം കഴിഞ്ഞാൽ ഹൈറേഞ്ച് റോഡിനെ തോല്പക്കുന്ന വിധത്തിലുള്ള കയറ്റവും ഇറക്കവുമാണ്.
വാഴമുട്ടത്ത് ഒരു കുന്ന് കയറിയാൽ പിന്നെ കുത്തിറക്കമായി. അതുവരെയെത്തുന്ന വാഹനം പെട്ടെന്നു തന്നെ വെള്ളാർ കുന്നും കയറണം. അവിടെ നിന്ന് പിന്നെയും കുഴിയിലേക്കിറങ്ങണം. വണ്ടിയുടെ ബ്രേക്കിന് ചെറിയ തകരാറുണ്ടായാൽ വലിയ അപകടത്തിനും കാരണമാകും. ആഴാകുളം, മുക്കോല ഭാഗങ്ങളിലെ റോഡുകളിലുമുണ്ട് കയറ്റിറക്കങ്ങൾ. ലോക്കൽ സർവീസിനുള്ള ബസുകൾ ഇത്രയും വലിയ കയറ്റം കയറില്ലെന്നതാണ് വസ്തുത. ഇരച്ചും തുമിച്ചുമൊക്കെ ഓടിച്ചു കയറ്റിയെന്നിരിക്കട്ടെ, ഇപ്പോഴത്തേതിന്റെ ഇരട്ടി ഡീസൽ കത്തിപ്പോകും
മഴ പെയ്താൽ റോഡിൽ വള്ളമിറക്കാം
മഴയത്ത് സർവീസ് റോഡുകളുടെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിലാകും. ചിലയിടങ്ങളിൽ സർവീസ് റോഡിനോടു ചേർന്ന പ്രദേശങ്ങളും വെള്ളത്തിലാകും. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണം. ആനയറ കമ്പിക്കകം, ലോർഡ്സ് ആശുപത്രിക്കു സമീപത്തെ പ്രദേശങ്ങൾ, വെൺപാലവട്ടം, കരിക്കകം എന്നിവിടങ്ങളിലാണ് സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്നത്.
പ്രധാനവീഥി ഉയരത്തിലും സർവീസ് റോഡ് അതിൽ നിന്ന് നാലഞ്ചടി താഴ്ചയിലുമാണ്. ഭൂപ്രകൃതിയനുസരിച്ച് അതിനു മാറ്റം വരും. ഇതാണ് സർവീസ് റോഡിനെ മഴ മുക്കാൻ കാരണം. വെള്ളം ഒഴുകിപ്പോകുന്നതിന് ഫലപ്രദമായ മാർഗമില്ലാത്തതാണ് പ്രശ്നകാരണമെന്നും ആരോപണമുണ്ട്. ആക്കുളത്തിനും ചാക്കയ്ക്കുമിടയിൽ മഴ പെയ്താൽ വെള്ളത്തിനു ഒഴുകാൻ ഇടമില്ല. ബൈപാസിന്റെ വീതി കൂടിയപ്പോഴാണ് പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്റെ തീവ്രത വർദ്ധിച്ചതെന്നാണ് നാട്ടുകാരുടെ പരാതി..