-snake-master

തിരുവനന്തപുരം, ആനത്തലവട്ടത്ത് നിന്ന് രാവിലെ തന്നെ വാവ സുരേഷിന് ആദ്യത്തെ കാൾ എത്തി. വർക്ക്‌ഷോപ്പിലെ ജോലിക്കാരാണ് വിളിക്കുന്നത്, അവരാണ് ആദ്യം ആ കാഴ്ച കാണുന്നത്. വർക്ക്‌ഷോപ്പിനോട് ചേർന്ന വീടിനടുത്തായി രണ്ട് പാമ്പുകൾ വലയിൽ കുരുങ്ങി കിടക്കുന്നു. ഉടൻ തന്നെ വാവ ആനത്തലവട്ടത്തേക്ക് യാത്ര തിരിച്ചു. സ്ഥലത്ത് എത്തിയ വാവ കാണുന്നത്, വലയിൽ കുരുങ്ങി കിടക്കുന്ന രണ്ട് അണലികൾ. വലയിട്ടത് നന്നായി, അല്ലായിരുന്നെങ്കിൽ വർക്ക്‌ഷോപ്പിലെ തൊഴിലാളികൾക്കോ അടുത്തുള്ള വീട്ടുകാർക്കോ അപകടം ഉറപ്പായിരുന്നു. ഒരു പ്രത്യേകത എന്തെന്നാൽ, ഈ സീസണിൽ രണ്ട് അണലികളെ ഒരുമിച്ച് കാണുക അപൂർവ്വമാണ്. കാരണം ഇണ ചേരുന്ന സമയങ്ങളിലാണ് ഇവയെ ഒരുമിച്ച് കാണുക. ഇപ്പോൾ ഇണ ചേരുന്ന സമയമല്ല. ഈ രണ്ട് അണലികളും വ്യത്യസ്ത നിറക്കാരാണ്, രണ്ടും പെൺ അണലികൾ. സാധാരണ 7 നിറങ്ങളിൽ അണലികളെ കാണാറുണ്ട്. വലയിൽ കുരുങ്ങിയ പാമ്പുകളെ സാധാരണ രക്ഷപ്പെടുത്തുക എളുപ്പമാണ്.

പക്ഷേ, വലയിൽ കുരുങ്ങിയ അണലികളെ രക്ഷപ്പെടുത്തുക ഏറ്റവും അപകടം നിറഞ്ഞതാണ്. ഒന്ന് പാളിയാൽ അപകടം ഉറപ്പ്. കുറച്ചു നേരത്തെ ശ്രമഫലമായി ഒന്നിനെ കുരുക്കിൽ നിന്ന് രക്ഷിച്ചെടുത്ത് ചാക്കിലാക്കി. രണ്ടാമത്തെ അണലിയുടെ ശ്വാസദ്വാരം വലയിൽ കുരുങ്ങി ചതഞ്ഞിരിക്കുന്നു. ഒന്ന് തെറ്റിയാൽ മരണം ഉറപ്പ്. അതുകൊണ്ട് ഏറെ പ്റയാസപ്പെട്ട്, സമയമെടുത്താണ് അതിനെ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയത്. രണ്ട് അണലികളേയും ഒന്നിച്ച് നാട്ടുകാർക്ക് പരിചയപ്പെടുത്തി. ഏത് ദിശയിലേയ്ക്കും ചാടിക്കടിക്കുക എന്നതാണ് അണലികളുടെ പ്റത്യേകത. അതിനാൽ ഇവയെ കയ്യിൽ വച്ച് പരിചയപ്പെടുത്തുക എന്നത് ഏറെ അപകടം നിറഞ്ഞതാണ്. രണ്ട് പേരും ഇര തേടി എത്തിയതാണ്. ഒന്നിന്റെ വയറ്റിൽ ഭക്ഷണം ഉണ്ട്. ഇതിനിടയിൽ രണ്ട് അണലികളും വാവയെ കടിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഒരു കടിയിൽ നിന്ന് വാവ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്