തിരുവനന്തപുരം: തുലാവർഷം കനത്തതോടെ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരടി വീതം ഉയർത്തി. അഗസ്ത്യ വനമേഖല ഉൾപ്പെട്ട ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഷട്ടറുകൾ തുറന്നതിനെ തുടർന്ന് നെയ്യാറിന്റെ ഇരുകരകളിലുള്ളവരും കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നി ജില്ലകളിലും ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് തുലാവർഷത്തിന്റെ തുടക്കമായാണ് ഇപ്പോഴത്തെ മഴയെ കണക്കാക്കുന്നത്.