ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ അടൽ പെൻഷൻ യോജനയ്‌ക്ക് കേരളത്തിലും വൻ സ്വീകാര്യത. കേരളത്തിൽ നിന്നും പദ്ധതിയിലേക്ക് ഇതുവരെ 2.76 ലക്ഷം പേർ ചേർന്നു കഴിഞ്ഞു. ഇന്ത്യയൊട്ടാകെ 1.24 കോടി പേരാണ് പദ്ധതിയിൽ ചേർന്നത്. ഒക്ടോബർ 27 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ നിന്ന് 2,76,115 പേർ പദ്ധതിയിൽ ചേർന്നു. ഇതിൽ 1,51,103 വനിതകളും 1,24,961 പുരുഷൻമാരുമാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 27 ലക്ഷത്തിൽക്കൂടുതൽ പുതിയ വരിക്കാരാണ് പദ്ധതിയിൽ ചേർന്നത്. ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേരും പദ്ധതിയിൽ ചേർന്നത്. 18നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും തങ്ങൾക്ക് സേവിംഗ്സ് അക്കൗണ്ടുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് ശാഖകൾ വഴി അടൽ പെൻഷൻ പദ്ധതിയിൽ ചേരാം.
അടൽ പെൻഷൻ യോജന
സാമൂഹ്യ സുരക്ഷ പദ്ധതിയായ അടൽ പെൻഷൻ യോജന 2015 മെയ് 9ന് കൊൽക്കത്തയിൽ വച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 60 വയസ്സ് പൂർത്തിയായ വരിക്കാർക്ക് നിശ്ചിത തുക പ്രതിമാസം പെൻഷൻ അനുവദിക്കുന്നതിന് വിഭാവനം ചെയ്‌ത പദ്ധതിയാണിത്.
സവിശേഷതകൾ
1. 18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
2. പ്രീമിയം –നിക്ഷേപം തുകക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നും ബാങ്ക് മുഖേനയുള്ള 'ഓട്ടോ ഡെബിറ്റ്' സൗകര്യം.
3. പ്രതിമാസ പെൻഷൻ വരിസംഖ്യക്ക് അനുസൃതമായിരിക്കും
4. 42 രൂപ മുതൽ 210 രൂപ വരെയുള്ള വരിസംഖ്യക്ക് യഥാക്രമം 1000 രൂപ മുതൽ 5000 രൂപ വരെ ആജീവനാന്ത പെൻഷൻ ലഭിക്കും.
5. ഏതൊരു വ്യക്തിക്കും ഒരു സേവിംഗ് അക്കൗണ്ട് മുഖേന ഈ പദ്ധതിയിൽ ചേരാം.