ചെങ്ങന്നൂർ: ബലപ്രയോഗത്തിലൂടെ ശബരിമലയിൽ യുവതി പ്രവേശനം സാദ്ധ്യമാക്കിയാൽ കേരളം നിശ്ചലമാക്കാനും പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാനും സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നു. സമാന ചിന്താഗതിക്കാരായ ഹൈന്ദവ സംഘടനകളുടെ സംയുക്ത കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതൽ ശബരിമലയെ നാല് മേഖലകളായി തിരിച്ച് പൊലീസ് വലയത്തിലാക്കുന്നതിനിടെയാണ് സംഘപരിവാർ സംഘടനകൾ നിലപാട് കടുപ്പിച്ച് രംഗത്ത് എത്തിയത്. യുവതി പ്രവേശനം ചെറുക്കാൻ കണ്ണൂരിൽ നിന്നുള്ള ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കരി, ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് യോഗം ചുമതല നൽകിയിരിക്കുന്നത്. ഇരുവരും 5ന് ശബരിമലയിലേക്ക് തിരിക്കും. ആചാരപരമായി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് എത്തുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
എന്നാൽ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്താൽ കേരളത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. പൊലീസ് എന്തെല്ലാം സന്നാഹം ഒരുക്കിയാലും ഇതിനെ പ്രതിരോധിക്കാൻ തക്ക നീക്കങ്ങളാണ് സംഘപരിവാറും നടത്തുന്നത്. സന്നിധാനത്ത് അനിഷ്ടങ്ങൾ ഉണ്ടായാൽ പത്തനംതിട്ടയിൽ നിന്ന് പമ്പവരെയും എരുമേലിയിൽ നിന്ന് ഇലവുങ്കൽ വരെയും പെടുന്നനെ പ്രതിരോധകോട്ട ഒരുക്കും. മാത്രമല്ല കേരളത്തിലാകമാനം പ്രതിഷേധം വ്യാപിപ്പിച്ച് സർക്കാരിനെയും പൊലീസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
ഹൈന്ദവ ആരാധനാലയങ്ങളുടെ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടത് സർക്കാർ മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന ഇരട്ടത്താപ്പ് ഹിന്ദു സമൂഹത്തിനുള്ളിൽ തുറന്ന് കാട്ടണമെന്നും ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സർക്കാർ ലക്ഷക്കണക്കിന് ലഘുലേഖകൾ തയ്യാറാക്കി വീടുകൾ തോറും നൽകിവരുന്നതിനെ പ്രതിരോധിക്കാനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ വരും ദിവസങ്ങളിൽ ബഹുമുഖ പദ്ധതികളാണ് സംഘപരിവാർ തയ്യാറാക്കിയിട്ടുള്ളത്.
സർക്കാർ യുവതി പ്രവേശനത്തിനൊരുങ്ങുന്നതും സംഘപരിവാർ സംഘടനകൾ പ്രതിരോധിക്കാൻ ഉറച്ച് രംഗത്തെത്തിയതും ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്ന 5, 6 തീയതികളിലെ 29 മണിക്കൂർ കേരളത്തെ മുൾമുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.