കോട്ടയം: കഴുത്തിൽ അഞ്ചു പവന്റെ മാല. ഇരുകൈകളിലുമായി ഒരു ഡസൻ വളകൾ. നാലു പവന്റെ പാദസരം. മുഖത്തെ ഗാംഭീര്യത്തിന് മാറ്റുകൂട്ടാൻ സ്വർണ ഫ്രെയിമോടുകൂടിയ വിലകൂടിയ കണ്ണട. വയസ് 61 കഴിഞ്ഞെങ്കിലും യുവതികളെ വെല്ലുന്ന ചുറുചുറുക്ക്. പതിനായിരം രൂപയിൽ കുറഞ്ഞ സാരി കൈകൊണ്ട് തൊടില്ല. വീട്ടിലെ അലമാരയിൽ സാരികൾ ഡസൻ കണക്കിനുണ്ട്. വീട്ടമ്മയായ ലിസി ഇതൊക്കെ സമ്പാദിച്ചത് പണം വട്ടിപ്പലിശക്ക് കൊടുത്താണ്. അങ്ങനെ കറുകച്ചാൽ ചിറയ്ക്കൽ ചക്കുങ്കൽ വീട്ടിൽ ലിസി ജോർജ് നാട്ടിലെ അറിയപ്പെടുന്ന ബ്ലേഡുകാരിയായി. അയൽവാസിയായ ചിറയ്ക്കൽ അഹോരമനയ്ക്കൽ അമ്പിളി സുരേഷിന്റെ പരാതിയെ തുടർന്നാണ് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ ലിസി ജോർജിന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. ലിസിയുടെ വീട്ടിലും കടകളിലും റെയ്ഡ് നടത്തി. പിടിച്ചെടുത്തത് ഒപ്പിട്ട നിരവധി ബ്ലാങ്ക് മുദ്രപത്രങ്ങളും ആർ.സി.ബുക്കുകളും മറ്റ് രേഖകളും.
പണത്തിന് അത്യാവശ്യം വന്നതിനെ തുടർന്നാണ് അമ്പിളി സുരേഷ് ലിസിയെ സമീപിച്ചത്. തനിക്ക് അത്യാവശ്യമായി 50,000 രൂപ വേണമെന്ന് അമ്പിളി പറഞ്ഞതും 'അതിനെന്താ, എത്ര പണം വേണമെങ്കിലും തരാമല്ലോ'യെന്ന് ലിസി ഉത്തരം പറഞ്ഞതും ഒരുമിച്ചായിരുന്നു. അത്രയ്ക്ക് പണം ലിസിയുടെ കൈയിലുണ്ട്. പത്തോ പതിനഞ്ചോ ലക്ഷം വേണമെങ്കിലും ഏതു സമയത്തും റെഡിയാണ്. 2015 ഫെബ്രുവരിയിലാണ് ലിസിയുടെ പക്കൽ നിന്ന് അമ്പിളി 50,000 രൂപ വാങ്ങിയത്. ആറു മാസത്തെ കാലാവധിയാണ് പറഞ്ഞിരുന്നത്. മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകുകയും ചെയ്തു. മുതലും പലിശയുമായി 7500 രൂപ പ്രതിമാസം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതൊന്നും മുദ്രപത്രത്തിൽ കാണില്ല. മുദ്രപത്രം ഒപ്പിട്ട് പണം കൈപ്പറ്റിയാൽ പിന്നെ കാര്യങ്ങൾ തീരുമാനിക്കുന്ന ത് ലിസിയാണ്.
നാലു തവണ അമ്പിളി കൃത്യമായി പണം അടച്ചു. പിന്നെ മുടങ്ങി. തവണ മുടങ്ങിയതോടെ ലിസി വിവരം അമ്പിളിയെ അറിയിച്ചു. ഇതോടെ വീണ്ടും പണം പലപ്പോഴായി അടച്ചു. എന്നിട്ടും മുതലും പലിശയും കുറഞ്ഞില്ല. രണ്ടു ലക്ഷത്തോളം രൂപ ഇതിനോടകം അടച്ചുവെന്നാണ് അമ്പിളി പറയുന്നത്. പലിശ മുതലിനേക്കാൾ ഇരട്ടിയായെന്ന് പറഞ്ഞ് ലിസി അമ്പിളിയെ വീട്ടിലേക്ക് വിളിപ്പിച്ചു. പലിശയും കൂട്ടുപലിശയും മുതലും ഉടൻ അടയ്ക്കണമെന്നും ഇല്ലെങ്കിൽ പ്രശ്നമാവുമെന്നും പറഞ്ഞ് മുദ്രപത്രം കാട്ടി വിരട്ടി. ഇത്രയും തുക അടച്ചിട്ടുണ്ടെന്ന് അമ്പിളി പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ ലിസി തയാറായില്ല.
അമ്പിളിയുടെ വാദങ്ങൾ കേട്ടതോടെ ലിസി രോഷാകുലയായി. പുലഭ്യം പറഞ്ഞു തുടങ്ങിയതോടെ അമ്പിളി വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ രണ്ടു ലക്ഷം രൂപ നൽകാനുണ്ടെന്ന വക്കീൽ നോട്ടീസാണ് അമ്പിളിക്ക് കിട്ടിയത്. പിന്നെ ഒന്നും ചിന്തിച്ചില്ല. ഗുണ്ടകളുടെ പിൻബലമുള്ള ലിസിയുടെ ആക്രമണം ഉണ്ടാവുമെന്ന് അറിയാമായിരുന്നിട്ടും രണ്ടും കല്പിച്ച് ഭർത്താവിനെയും കൂട്ടി നേരെ പോയത് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്കാണ്. എസ്.പി ഹരിശങ്കറിനെ നേരിൽ കണ്ട് പരാതി നല്കിയതോടെ പ്രശ്നത്തിന് പരിഹാരമായി. പൊലീസ് മേധാവി ചങ്ങനാശേരി ഡിവൈ.എസ്.പിക്ക് ഇവരുടെ പരാതി കൈമാറുകയായിരുന്നു. ഇതോടെയാണ് ലിസിയുടെ വീട്ടിലും കടകളിലും റെയ്ഡ് നടത്തിയത്.
70 തോളം പേർക്ക് ഇത്തരത്തിൽ കൊള്ളപ്പലിശയ്ക്ക് ലിസി പണം കടം കൊടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരാളിൽ നിന്ന് ഒരു പ്രാവശ്യം നല്കുന്ന പണത്തിന് രണ്ടും മൂന്നും മുദ്രപത്രങ്ങളാണ് ലിസി ഒപ്പിട്ടു വാങ്ങിയിരുന്നത്. അടവ് മുടങ്ങിയാലുടൻ അടുത്ത മുദ്രപത്രം വാങ്ങും. പക്ഷേ, ആദ്യത്തെ മുദ്രപത്രം തിരിച്ചു നല്കുകയില്ല. ഈ മുദ്രപത്രങ്ങൾ കാട്ടിയാണ് പിന്നീടുള്ള വിലപേശൽ. പലിശ കൊടുക്കാൻ താമസം വരുത്തിയ ഒരു മാന്യനെ വീട്ടിൽ വിളിച്ചുവരുത്തി തല്ലിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഏതായാലും അഴിക്കുള്ളിലാണ് ഇപ്പോൾ ലിസി.