1. ചിത്തിര ആട്ട വിശേഷത്തിനായി നവംബർ 5ന് നട തുറക്കാൻ ഇരിക്കെ സംഘർഷ സാധ്യത കണക്കിൽ എടുത്ത് ശബരിമല കനത്ത പൊലീസ് കാവലിൽ. ഇന്ന് അർധ രാത്രി മുതൽ ആറാം തീയതി രാത്രി വരെ നിലയ്ക്കൽ, പമ്പ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ. മാദ്ധ്യമങ്ങൾക്കും നിയന്ത്രണം. തിങ്കളാഴ്ച രാവിലെ 8 മണിക്ക് ശേഷമേ മാദ്ധ്യമ പ്രവർത്തകരെ കടത്തി വിടൂ എന്ന് പൊലീസ്.
2. അതിനിടെ, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിൽ നിന്ന് അറ്റോർണി ജനറൽ പിന്മാറി തീരുമാനം എടുക്കാൻ സോളിസിറ്റർ ജനറലിനെ ചുമതലപ്പെടുത്തി. പിന്മാറ്റത്തിന്റെ കാരണം, എ.ജി ആകുന്നതിന് മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകനായി ഹാജരായതിനെ തുടർന്ന് എന്ന് സൂചന. അതേസമയം, വനംവകുപ്പിന് എതിരെ വിമർശനവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. വനംവകുപ്പിന്റേത് ശത്രുതാ മനോഭാവം. മാസ്റ്റർപ്ലാൻ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നു.
3. ഒരു അനധികൃത കെട്ടിടം പോലും ശബരിമലയിൽ ഉണ്ടാകരുത് എന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ശബരിമലയെ തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നു എന്നും ആരോപണം. പുര കത്തമ്പോൾ വാഴ വെട്ടുന്ന നിലപാടാണ് ചിലരടേതെന്നും പത്മകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് രാജിവയ്ക്കില്ല. ബോർഡ് ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല പ്രവർത്തിക്കുന്നത് എന്നും പത്മകുമാർ.
4 കേരളത്തിന്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നത് ഗൗരവമായി കാണണം എന്ന് മുഖ്യമന്ത്രി. പൊലീസിന് ഒറ്റമതവും ജാതിയമേയുള്ളൂ. മതനിരപേക്ഷത ആപത്തായി കാണുന്നവർ അത് തകർക്കാൻ ശ്രമിക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മടേത് ആണെന്നും കണ്ണൂരിൽ പൊലീസ് പാസിംഗ് ഔട്ട് പരേഡ് ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ.
5. കൃത്യനിർവഹണത്തിൽ പൊലീസ് സ്തുത്യർഹമായ സേവനമാണ് നടത്തുന്നത് എന്ന് അദ്ദേഹം പ്രശംസിച്ചു. അവരെ ഒറ്റതിരിഞ്ഞ് നിർവീര്യം ആക്കിക്കളയാം എന്ന് ചിലർ കരുതുകയാണ്. അത്തരം നീക്കങ്ങൾക്ക് എതിരെ ജനാധിപത്യ സമൂഹം ശക്തമായി അണിനിരക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നവരെ പൂർണമായി ഒറ്റപ്പെടുത്തുക തന്നെ വേണം. ഐക്യവും അച്ചടക്കവുമാണ് പൊലീസ് സേനയുടെ കരുത്ത്. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ മുന്നിൽ പതറേണ്ട കാര്യമില്ലെന്നും ഇതു പോലെ മന്നോട്ട് പോകണം എന്നും മുഖ്യന്റെ ആഹ്വാനം.
6. ശബരിമല വിഷയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന രഥയാത്ര ആരംഭിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം. ഈ മാസം എട്ടിന് കാസർകോട്ട് നിന്ന് ആരംഭിക്കുന്ന രഥയാത്ര എൻ.ഡി.എയുടെ പേരിൽ ആകണം എന്നും മുഴുവൻ സമുദായ നേതാക്കളെയും യാത്രയിൽ പങ്കെടുപ്പിക്കണം എന്നും നിർദ്ദേശം. യാത്രയുടെ ജില്ലാ തല സ്വീകരണ കേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കും.
7. ജില്ലാ തല സ്വീകരണത്തിനും നാമജപ സംഗമത്തിനും പരമാവധി വിശ്വാസികളെ പങ്കെടുപ്പിക്കാനാണ് നിർദ്ദേശം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രഥയാത്ര ബി.ജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യും എന്ന് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി നേതൃയോഗം വിലയിരുത്തിയിരുന്നു. രഥയാത്ര വഴി ലക്ഷ്യമിടുന്നത് സാമുദായിക സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം ഉള്ളവരെ യോഗങ്ങളിൽ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
8. തിരുവനന്തപുരം മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക്‌സിന് തീപിടിച്ചത്തിൽ ദുരൂഹത തുടരുന്നു. തീപിടിത്തം ഉണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും അപകട കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം എങ്കിലും പൊലീസിനോ ഫയർ ഫോഴ്‌സിനോ വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയിൽ കാരണം വ്യക്തമാകും എന്ന പ്രതീക്ഷയിൽ പൊലീസ്.
9. ഫാക്ടറിയിലെ ഇലക്ട്രിക് വയറിംഗ് കാര്യക്ഷമം ആയിരുന്നു എന്ന് പൊലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും വിലയിരുത്തൽ. രണ്ട് മാസം മുൻപാണ് പുതിയ വയറിംഗ് ചെയ്തത് എന്ന് കമ്പനി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. തീ വേഗത്തിൽ പടരാൻ ഉണ്ടായ സാഹചര്യം എന്തെന്ന് അന്വേഷണ സംഘം പരിശോധിക്കും. അഗ്‌നിശമന സംവിധാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് നേരത്തെ നൽകിയിരുന്ന നിർദ്ദേശങ്ങൾ കമ്പനി പാലിച്ചിരന്നോ എന്ന കാര്യവും അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ.
10. സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ ആഞ്ഞടിച്ച് വീണ്ടും തുർക്കി. ഖഷോഗിയെ സൗദി കൊന്നതെന്ന് ആരോപണം ഉന്നയിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോർഗൻ. കൊലപാതകത്തിൽ സൽമാൻ രാജാവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മറ്റ് ചില ഉന്നതരുടെ ഗൂഢലോചന ആണ് കൊലപാതകം എന്നും വാഷിംഗ് ർടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ എർദോഗൻ.
11.പിടിയിലായ 18 പേർ തന്നെ ആകും കൊലയാളികൾ. എന്നാൽ കൊന്നത് സൗദി ഭരണാധികാരികളായ ചില ഉന്നതരുടെ ആജ്ഞ പ്രകാരം എന്നും എർദോഗൻ. സൗദിയെ നേരിട്ട് ആക്രമിച്ച് എർദോഗൻ രംഗത്ത് എത്തിയത് ഖഷോഗിയുടെ കൊലപാതകത്തിലെ ദുരൂഹത തുടരുന്നതിനിടെ. സൗദിയുടെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി എർദോഗൻ കോൺസലേറ്റ് ജനറലിന് എതിരെ സൗദി നടപടി എടുക്കാത്തതിലും വിമർശനം ഉന്നയിച്ചു.