തിരുവനന്തപുരം : പൊലീസായാലും പൊതുജനമായാലും പൊലീസ് സ്റ്റേഷനിൽ പൂന്തുവിളയാടുന്നത് ഇനി സൂക്ഷിച്ചുവേണം. പരാതിക്കാരെ വിരട്ടിയും ലോക്കപ്പിൽ ഉരുട്ടിയും കലിപ്പ് തീർക്കുന്ന പൊലീസുകാരും പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചെത്തി പ്രതികളെ ഇറക്കി കൊണ്ടുപോവുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുമെല്ലാം ഇനി കുടുങ്ങും.
പൊലീസ് സ്റ്റേഷനിൽ കണ്ണടച്ചിരുന്ന കാമറകൾക്ക് പകരം ദിവസം മുഴുവൻ പ്രവർത്തിക്കുന്ന റിമോട്ട് മോണിട്ടറിംഗ് സി.സി ടി.വി കാമറകൾ സ്ഥാപിച്ചു തുടങ്ങി. സംസ്ഥാന സർക്കാരിനും പൊലീസിനും ഏറെ പേരുദോഷമുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ സ്റ്റേഷനുകളിൽ ആദ്യഘട്ട റിമോട്ട് മോണിട്ടറിംഗ് കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.
എറണാകുളം റൂറൽ, സിറ്റി പൊലീസ് മേധാവികളുടെ ഓഫീസുകളിൽ 274 കാമറകളും മോണിറ്ററിംഗ് സംവിധാനവുമാണ് സജ്ജമായത്.പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങൾ അപ്പപ്പോൾ ജില്ലാ സംസ്ഥാന പൊലീസ് മേധാവികൾക്ക് ഒരേ സമയം നിരീക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.ഒരു കോടിയിലധികം രൂപ ചെലവഴിച്ചുള്ള രണ്ടാം ഘട്ട പദ്ധതിക്ക് ഇടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ തലസ്ഥാനത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിലും പരീക്ഷണാടിസ്ഥാനത്തിൽ കാമറകൾ ഘടിപ്പിച്ചുകഴിഞ്ഞു. ചില സാങ്കേതിക ജോലികൾ കൂടി പൂർത്തിയായാൽ മ്യൂസിയം പൊലീസ് സ്റ്റേഷനും കമ്മിഷണറുടെയും ഡി.ജി.പിയുടെയും കൺവെട്ടത്താകും.
ലക്ഷ്യം
പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക
മേധാവികളുടെ നിരന്തര ശ്രദ്ധയിലൂടെ സേനാംഗങ്ങളെ ജാഗരൂകരാക്കുക
പൊലീസിന് പ്രവർത്തന വൈകല്യമുണ്ടായാൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഇടപെട്ട് പേരുദോഷം ഒഴിവാക്കാം
അഴിമതിക്കും കൃത്യവിലോപങ്ങൾക്കും അറുതി വരുത്താം
അകാരണമായ കസ്റ്റഡി ,മർദ്ദനം, മോശമായ പെരുമാറ്റങ്ങൾ തുടങ്ങിയവ ഒഴിവാകും
പതിനഞ്ച് ദിവസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്നതിനാൽ ആവശ്യമെങ്കിൽ ദൃശ്യങ്ങൾ തെളിവുകളായി ഉപയോഗിക്കാം.
പൊലീസിന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സ്റ്റേഷനുകളിൽ മുമ്പ് കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയിൽ പലതും കാലപ്പഴക്കവും മറ്റ് സാങ്കേതിക തകരാറുകളും കാരണം പ്രവർത്തന രഹിതമാണ്. പഴയ കാമറകൾ പ്രവർത്തനക്ഷമമായ സ്ഥലങ്ങളിൽ അവ കൂടി റിമോട്ട് മോണിട്ടറിംഗ് സംവിധാനവുമായി ബന്ധിപ്പിക്കും.