പാറശാല: ചെറുവാരക്കോണം സി.എസ്.ഐ ലാ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളും ഒന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ നടന്ന സംഘട്ടനത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാർത്ഥിനികളുടെ ഫോട്ടോയെടുത്തതു ചോദ്യം ചെയ്ത ഒന്നാം വർഷ വിദ്യാർത്ഥികളായ അർജുൻ (18), മുരളി (18), ഫൈസൽ (18) എന്നിവർക്കാണ് കുത്തേറ്റത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് മൂന്നാം വർഷ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസുകളിൽ എത്തി പരിചയപ്പെടാനും വിദ്യാർത്ഥിനികളുടെ ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ ഏതാനും വിദ്യാർത്ഥികൾ തടഞ്ഞതാണ് സംഭവത്തിനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു.
മൂന്നാം വർഷ വിദ്യാത്ഥികളായ സുജിൻ (20), മുകേഷ് (21) എന്നിവർക്കെതിരെ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുത്തേറ്റ വിദ്യാർത്ഥികൾ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.