ന്യൂഡൽഹി:ഡൽഹിയിൽ അദ്ധ്യാപിക സുനിത വെടിയേറ്റുമരിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. സുനിതയുടെ ഭർത്താവ് മൻജീത്, സുഹൃത്തും മോഡലുമായ ഏഞ്ചൽ ഗുപ്ത എന്ന ശശി പ്രഭ, ഏഞ്ചലിന്റെ അച്ഛൻ രാജീവ് എന്നിവരാണ് അറസ്റ്റിലായത്. മൻജീതും ഏഞ്ചലുമായുള്ള വഴിവിട്ട ബന്ധത്തെ എതിർത്തതാണ് കൊലയ്ക്കുകാരണമെന്നാണ് പൊലീസ് പറയുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് മൻജീത്. ഡൽഹിക്ക് സമീപത്തുള്ള ആഡംബര ഫ്ളാറ്റിലാണ് ഏഞ്ചലിന്റെ താമസം. ബിസിനസ് ആവശ്യത്തിന് ഇവിടെയെത്തിയപ്പോഴാണ് മൻജീത് ഏഞ്ചലിനെ കാണുന്നതും പരിചയപ്പെടുന്നതും.
പരിചയം പിന്നീട് അരുതാത്ത തലങ്ങളിലേക്ക് വളർന്നു.രാജീവാണ് ഇവർക്കുവേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്. ഇവരുടെ ബന്ധം സുനിത അറിഞ്ഞതോടെ വീട്ടിൽ പ്രശ്നമായി.ഒരുകാരണവശാലും ബന്ധം തുടരാൻ സമ്മതിക്കില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഇൗ സമയം ഏഞ്ചലിന്റെ സൗന്ദര്യത്തിൽ മയങ്ങിയ മൻജീത് അവരുമായി പിരിയാനാവാത്ത വിധം അടുത്തിരുന്നു. ഏഞ്ചലിനെ ഒപ്പം കൂട്ടാനും സുനിതയെ ഇല്ലാതാക്കാനും അയാൾ തീരുമാനിച്ചു. ക്വട്ടേഷൻ ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും ചെയ്തത് ഏഞ്ചലും രാജീവുമായിരുന്നു.
സുനിത സ്കൂളിലേക്കുപോകുന്ന വഴിയാണ് സുനിതയ്ക്കുനേരെ അക്രമി വെടിയുതിർത്തത്. മൂന്നുവെടിയേറ്റ സുനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്. വാടക കൊലയാളിക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. സുനിതയ്ക്കും മൻജീതിനും 16 വയസുള്ള മകളും എട്ടുവയസുള്ള മകനുമുണ്ട്.