chandrasekharan

തിരുവനന്തപുരം: റവന്യൂ ഭൂമിയാണെന്ന് സർക്കാർ അവകാശപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റിൽ തുടങ്ങാനുദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്നത് റവന്യൂ മന്ത്രിയെ അറിയിക്കാതെ. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് റവന്യൂ മന്ത്രിക്കോ ഓഫീസിനോ ഒരു വിവരവുമില്ല. വിമാനത്താവളത്തിന്റെ സ്ഥലം കണ്ടുപിടിച്ചത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തിലാണെങ്കിൽ പ്രാരംഭ പ്രവർത്തനം നടത്തുന്നത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സി യാണ് .അമേരിക്കൻ കമ്പനിയായ ലൂയിസ് ബെർഗർ ആണ് വിമാനത്താവള നിർമ്മാണത്തിന്റെ കൺസൾട്ടന്റ്. വിമാനത്താവള പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസും.


ലൂയിസ് ബെർഗർ കമ്പനി വിമാനത്താവളത്തിന്റെ സാദ്ധ്യതാപഠന റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ഇനി പാരിസ്ഥിതിക അനുമതിയാണ് വേണ്ടത്. വിമാനത്താവളത്തിനുള്ള സ്ഥലം കൈവശമുളളവർക്കേ പാരിസ്ഥിതിക അനുമതിക്ക് അപേക്ഷിക്കാൻ കഴിയൂ. കോട്ടയം ജില്ലയിലെ ചെറുവള്ളി എസേ്ര്രറ്റിലെ 2264 ഏക്കറിൽ 1000 ഏക്കറെങ്കിലും വിമാനത്താവളത്തിന് ഉപയോഗിക്കാനാണ് നീക്കം. ചെറുകിട വിമാനത്താവളം വേണോ അതോ വൻകിട തന്നെ വേണോ എന്ന കൺസൾട്ടന്റിന്റെ ചോദ്യത്തിന് വൻകിട തന്നെ എന്നാണ് അധികൃതർ ഉത്തരം പറഞ്ഞത്. ഭൂവുടമസ്ഥാവകാശത്തെക്കുറിച്ച് തർക്കമുള്ളതിനാൽ ന്യായ വില കോടതിയിൽ കെട്ടിവയ്ക്കാനാണ് അധികൃതരുടെ നീക്കം. ഇതിന്റെ നിയമപരമായി നിലനില്പും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 2010ലെ ന്യായവില പ്രകാരം ഒരു ആറിന് 23,000 രൂപയാണ് ഇവിടത്തെ ഭൂമിയുടെ ന്യായ വില . ഈ നിലക്ക് 1000 ഏക്കർ ഏറ്റെടുക്കുമ്പോൾ സർക്കാർ 180 കോടിരൂപയെങ്കിലും കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും.


കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം പണിയാൻപോകുന്നത്. സർക്കാർ ഭൂമിയാണെന്നവകാശപ്പെട്ട് ഭൂമിതിരിച്ചുപിടിക്കൽ സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യം ഏറ്റെടുത്ത 38,000 ഏക്കർ ഭൂമിയിൽ പെട്ടതാണ് 2264 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും.


സുപ്രീംകോടതി ഏറ്റെടുക്കൽ റദ്ദാക്കിയിട്ടുണ്ടെങ്കിലും എസ്റ്റേറ്റുകൾ കൈവശം വച്ച ഹാരിസണിനോ അവർ വിറ്റവർക്കോ ഉടമസ്ഥാവകാശമുണ്ടെന്ന് പറഞ്ഞിട്ടില്ല. ഉടമസ്ഥാവകാശം സിവിൽ കോടതിയിൽ തീരുമാനിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഭൂമി ഏറ്റെടുക്കാൻ നിയമപരമായ വഴിയിലൂടെ ഏതറ്റംവരെയും പോകണമെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട് . അതേ സമയം മന്ത്രിയുടെ പാർട്ടിയിലെ ഉന്നതരുടെ മൗനാനുവാദം പുതിയ നീക്കത്തിനുണ്ടെന്നും സൂചനയുണ്ട്.


തോട്ട ഭൂമിയായതുകൊണ്ട് ഭൂപരിധിയിൽ ഇളവ് ലഭിച്ച ഭൂമിയിൽ ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട കൂടുതൽ നിയമക്കുരുക്കുകളിലേക്കാണ് ചെറുവള്ളി വിമാനത്താവളം നീങ്ങുന്നത്. തരം മാറ്റിയാലോ മറ്റാവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിച്ചാലോ പ്ലാന്റേഷൻ അന്യാധീനപ്പെടുത്തിയാലോ സർക്കാരിന് മിച്ച ഭൂമി തിരിച്ചെടുക്കാം.