chennithala

തിരുവനന്തപുരം: യോഗ്യത ഭേദഗതി ചെയ്ത് മന്ത്രി കെ.ടി.ജലീൽ ബന്ധുവിന് നിയമനം തരപ്പെടുത്തിയെന്ന ആരോപണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജലീൽ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.

കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാർക്കറ്റിംഗ് ഫിനാൻസ്), സി.എ, സി.എസ്, ഐ.സി.ഡബ്യു.എ ഇവയിൽ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സർക്കാർ ഉത്തരവ്. എന്നാൽ 2016 ഓഗസ്റ്റിൽ യോഗ്യതയിൽ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ പിജി ഡിപ്ളോമ എന്ന യോഗ്യതയും കൂട്ടിച്ചേർത്തു. എൻജിനീയറിംഗ് ബിരുദധാരിയായ ബന്ധുവിന് നിയമനം നൽകാനാണിതെന്നാണ് ആരോപണം.

2016ൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ യോഗ്യതയുള്ളവർ ഇല്ലാതിരുന്നതിനാൽ 2018ൽ ബന്ധുവിനെ നിർബന്ധപൂർവം ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനിൽ നിയമനം നൽകുകയായിരുന്നെന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറ്റസമ്മതമായി കാണേണ്ടി വരും. അതിനാൽ ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.