ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയം സംബന്ധിച്ച റിട്ട് ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതിയിൽ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിൽ മലയാളിയായ ജസ്‌റ്റിസ് കെ.എം.ജോസഫും ഉൾപ്പെട്ടിട്ടുണ്ട്. ജസ്‌റ്റിസ് എ.കെ.കൗളാണ് മറ്റൊരംഗം.
ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹർജികളും നവംബർ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. തുറന്ന കോടതിയിൽ കേസുകൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. ഇതിന് പുറമെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹർജികളും കോടതിക്ക് മുമ്പിലുണ്ട്.