kadakampalli-surendran

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്നത്തിലും എൻ.എസ്.എസ് ഓഫീസിന് നേരെ നടന്ന ആക്രമണത്തിലും സർക്കാരിനെതിരെ സുകുമാരൻ നായർ നടത്തിയ രൂക്ഷവിമർ‌ശനത്തിന് പിന്നാലെയാണ് കടകംപള്ളി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ലെന്നും എന്നാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബി.ജെ.പിക്ക് സ്വാധീനമുള്ള മേലാംകോട് എൻ.എസ്.എസ് ഓഫീസിന് നേരെയുള്ള ആക്രമണം സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യം വച്ചതാണെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, എൻ.എസ്.എസ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.