
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെയും വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷൻ കോടതി തള്ളിയത്.
നിയമം കെെയ്യിലെടുത്ത് വിളയാടിയ പ്രതികൾക്ക് ജാമ്യം നൽകുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇവർക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് അത് തെറ്റായ സന്ദശം നൽകുമെന്നും കോടതി വ്യക്തമാക്കി. 10 കെ.എസ്.ആർ.ടി.സി ബസുകളും 13 പൊലീസ് വാഹനങ്ങളും മാദ്ധ്യമപ്വർത്തകരെ ആക്രമിച്ച സംഭവത്തിലും അറസ്റ്റ് ചെയ്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഷെെലേഷ്, ആനന്ദ്, അശ്വിൻ, അഭിലാഷ്, കിരൺ എന്നിവരുടെ ജാമ്യേപേക്ഷയാണ് കോടതി തള്ളിയത്.
പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രതികൾ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിൽ പത്തനംതിട്ട ജില്ല സെഷൻസ് കോടതി ജഡ്‌ജി ജോൺ കെ ഇല്ലിക്കാടൻ പറഞ്ഞു.