mammootty

മലയാള സിനിമയുടെ മെഗാസ്‌റ്റാറൊക്കെയാണെങ്കിലും തന്റെ വിശ്വാസത്തിലും അനുഷ്‌ഠാനങ്ങളിൽ നിന്നുമെല്ലാം അണുകിട വ്യതിചലിക്കാത്തയാൾ കൂടിയാണ് മമ്മൂട്ടി. വെള്ളിയാഴ്‌ചകളിൽ എവിടെയാണെങ്കിലും തന്റെ പ്രാർത്ഥന അദ്ദേഹം ഒരിക്കലും മുടക്കാറില്ല. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ കാസർകോട്ടെ ഉൾനാട്ടിലെ പള്ളിയിലെത്തിയ മമ്മൂക്കയ്‌ക്ക് തന്റെ ആരാധകരെ ഒന്ന് ഉപദേശിക്കേണ്ടി കൂടി വന്നു.

താരം വരുന്നതറിഞ്ഞ് പതിവുപോലെ ആരാധകർ സ്ഥലത്ത് തിങ്ങിനിറഞ്ഞിരുന്നു. എന്നാൽ പ്രിയതാരത്തിനൊപ്പം ഫോട്ടോ എടുക്കാമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശ മാത്രമായിരുന്നു ഫലം. വന്നിറങ്ങി നടന്നുനീങ്ങിയ താരത്തിനു ചുറ്റും മൊബൈൽ കാമറകളുമായി അടുത്തവരോട്, 'പള്ളിയിലെത്തുമ്പോൾ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോൾ പള്ളിയിൽ വരുന്നപോലെ തന്നെ വരണം. പ്രാർഥിക്കണം'- ഇതായിരുന്നു മെഗാസ്‌റ്റാറിന്റെ മറുപടി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ഉണ്ട'യിൽ അഭിനയിക്കാനാണ് മമ്മൂട്ടി കഴിഞ്ഞാഴ്ച കാസർകോട്ടെത്തിയത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.