enthiran

ആക്ഷൻ വി.എഫ്.എക്സ് വിസ്മയവുമായി 2.0 യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.ഇന്ന് ചെന്നൈയിലെ സത്യം തീയേറ്ററിലായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത്. 2010 ൽ പുറത്തിറങ്ങിയ യന്തിരന്റെ തുടർച്ചയിട്ടാണ് 2.0 എത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ‌ഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു യന്തിരൻ.ചിട്ടി യുടെ തിരിച്ച് വരവാണ് 2.0ൽ പ്രധാന ഘടകം ഒപ്പം ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ വില്ലൻ വേഷവും. മുൻ ചിത്രത്തിലെ നായികയായ ഐശ്വര്യാ റായ് ഇത്തവണ ചിത്രത്തിലുണ്ടാവില്ല. എമി ജാക്സനാണ് ചിത്രത്തിലെ നായിക.വിഷ്വൽ എഫക്ട്സിന്റെ പൂരമാണ് 2.0 എന്ന് ഉറപ്പിക്കാം. ടെക്നോളജി മനുഷ്യനെ അടക്കി വാഴുന്ന ഈ കാലത്ത് അതുമായി ബന്ധപ്പെട്ട കഥയാണ് 2.0 ൽ എന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാതിരുന്നതിനെ തുടർന്ന് റിലീസിംഗ് പല തവണ മാറ്റി വെച്ചിരുന്നു. ത്രീ ഡി യിലും ചിത്രം പുറത്തിറങ്ങും. 10,​000 സ്ക്രീനുകളിലായി ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങുകയാണ് 2.0. സാബു സിറിലിന് പകരം ഇത്തവണ കലാസംവിധാനമൊരുക്കുന്നത് മുത്തുരാജാണ്. അമേരിക്കയിലെ ഏറ്റവും മിക‌ച്ച അനിമെട്രോണിക്സ് കമ്പനിയായ ലെഗസി എഫക്ട്സ് ആണ് ചിത്രത്തിന്റെ ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നത്. ജംഗിൾ ബുക്ക്,​ഗോഡ്സില്ല,​അയൺമാൻ,​ ജുറാസിക് പാർക്ക് തുടങ്ങിയ ചിത്രത്തിനും ഗ്രാഫിക്സ് വിസ്മയം ഒരുക്കിയതും ലെഗസി എഫക്ട്സ് ആയിരുന്നു.
നീരവ് ഷായാണ് ഛായാഗ്രഹണം. എ.ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. റിലീസായി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയ്‌‌ലർ കണ്ടത്. ഇന്ത്യൻ സിനിമയ്ക്ക് മറ്റൊരു പൊൻതൂവലാകും 2.0 എന്നത് ഉറപ്പാണ്.