1. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച റിട്ട് ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജ. എസ്.കെ, കൗൾ, ജ. കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് ഹർജികൾ പരിഗണിക്കുക, ഈ വരുന്ന 13ന്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും 13ന് പരിഗണിക്കും എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
2. അതിനിടെ, യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിൽ നിന്ന് അറ്റോർണി ജനറൽ പിന്മാറി തീരുമാനം എടുക്കാൻ സോളിസിറ്റർ ജനറലിനെ ചുമതലപ്പെടുത്തി. പിന്മാറ്റത്തിന്റെ കാരണം, എ.ജി ആകുന്നതിന് മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകനായി ഹാജരായതിനെ തുടർന്ന് എന്ന് സൂചന. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബ അംഗം രാമരാജ വർമ്മ, നടൻ കൊല്ലം തുളസി, മുരളീധരൻ ഉണ്ണിത്താൻ എന്നിവർക്ക് എതിരെ ആണ് കോടതി അലക്ഷ്യ ഹർജി.
3. ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ മന്ത്രി കെ.ടി. ജലീൽ വിശദീകരണവുമായി രംഗത്ത്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ അഭിമുഖത്തിന് വന്നവർക്ക് ആവശ്യമായ യോഗ്യത ഇല്ലായിരുന്നു. ഇക്കാരണത്താൽ നേരത്തെ അപേക്ഷിച്ചിരുന്ന ബന്ധുവിനെ വിളിച്ച് നിയമിക്കുക ആയിരുന്നു എന്ന് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വകാര്യ ബാങ്കിലെ മാനേജർ ആയിരുന്ന ആളിനെ അതിനേക്കാൾ താഴ്ന്ന ജോലിയിലാണ് ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ചത് എന്നും മന്ത്രി ജലീലിന്റെ വിശദീകരണം.
4. ബന്ധുനിയമനം എന്നത് ലീഗിന്റെ ഉണ്ടയില്ലാത വെടി ആണെന്നും ആരോപണം വസ്തുതകൾക്ക് നിരക്കാത്തത് ആണെന്നും ജലീൽ പറയുന്നു. പത്രങ്ങളിൽ പരസ്യം നൽകിയാണ് അപേക്ഷ ക്ഷണിച്ചത്. പരിചയ സമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായിരുന്നു. അതിനാൽ നിയമനം നടത്തുക ആയിരുന്നു എന്നും ജലീൽ. നേരത്തെ തനിക്ക് എതിരെ മുസ്ലീം ലീഗ് നടത്തിയ ആരോപണങ്ങൾ പോലെ ഇതും അവസാനിക്കും എന്നും ജലീൽ ഫേസ്ബുക്കിൽ. എന്നാൽ മന്ത്രിയുടേത് കുറ്റസമ്മതം എന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസിന്റെ പ്രതികരണം.
5. മീ ടു ആരോപണത്തിൽ കുടുങ്ങിയ മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ വീണ്ടും പ്രതിരോധത്തിൽ. അക്ബറിന് എതിരായ മീ ടു പരാതികൾ പാലർമെന്റിലെ എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചേക്കും. നടപടി, അക്ബറിന് എതിരെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തക പല്ലവി ഗൊഗോയുടെ വെളിപ്പെടുത്തലിന് പിന്നാലെ. അധാർമ്മികമായി പെരുമാറി എന്ന് കണ്ടെത്തിയാൽ അംഗത്തിന് എതിരെ നടപടി എടുക്കാൻ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമുണ്ട്.
6. അതേസമയം, പരസ്പര സമ്മത്തോടെ ഉള്ള ബന്ധമായിരുന്നു എന്ന അക്ബറിന്റെ വാദത്തെ തള്ളി പല്ലവി ഗൊഗോയ്. അക്ബർ പീഡിപ്പിച്ചത് സ്ഥാപനത്തിലെ മേധാവി എന്ന അധികാരം ഉപയോഗിച്ച്. ബലം പ്രയോഗിച്ചാണ് അക്ബർ ഉപദ്രവിച്ചത്. തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു എന്നും മാദ്ധ്യമ പ്രവർത്തക.
7. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഡിസംബറിൽ തുടങ്ങും എന്ന് രാംജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി. രാമക്ഷേത്രത്തിന് ഓർഡിനൻസ് ആവശ്യമില്ല. തർക്കത്തിലെ രണ്ട് കക്ഷികളുടെയും ഉഭയ സമ്മതത്തോടെ ആണ് നിർമ്മാണം നടത്തുന്നത്. പര്‌സപര സമ്മതത്തോടെ ലക്‌നൗവിൽ മുസ്ലീം പള്ളിയും നിർമ്മിക്കും എന്നും പ്രഖ്യാപനം. പ്രതികരണം, രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശുഭപ്രഖ്യാപനം ദീപാവലിക്ക് ശേഷം ഉണ്ടാകും എന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ.
8. നിയമം കൊണ്ടു വരുന്നതിനെ അനുകൂലിച്ച് ജസ്റ്റിസ് ചെലമേശ്വർ. ക്ഷേത്രം പണിയാൻ സർക്കാരിന് നിയമം കൊണ്ടും വരാം. സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ വൈകിയ വേളയിൽ പല കേസുകളിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. സമാനമായ രീതിയ അയോധ്യ വിഷയത്തിൽ സ്വീകരിക്കാൻ കഴിയും. സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോഴും ഇത് സാധ്യമണെന്നും ചെലമേശ്വർ.
9. അതേസമയം, അയോദ്ധ്യയിലെ സരയൂ നദിക്കരയിൽ 100 മീറ്റർ ഉയരത്തിൽ രാമപ്രതിമ നിർമ്മിക്കാനുള്ള പദ്ധതിയാകും യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുക എന്ന് സൂചന. 330 കോടി രൂപ ചെലവിട്ടാകും രാമ പ്രതിമ. ബി.ജെ.പി നിലപാട് പ്രഖ്യാപിച്ചത്, ഒരിടവേളയ്ക്ക് ശേഷം രാമക്ഷേത്ര നിർമ്മാണത്തിൽ ആർ.എസ്.എസ് നിലപാട് കടുപ്പിച്ചതോടെ. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഓർഡിനൻസ് ഇറക്കണം എന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. വേണ്ടി വന്നാൽ 1992ന് സമാനമായ പ്രക്ഷോഭം ആലോചിക്കും എന്നും മുന്നറിയിപ്പ്.
10.സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ ആഞ്ഞടിച്ച് വീണ്ടും തുർക്കി. ഖഷോഗിയെ സൗദി കൊന്നതെന്ന് ആരോപണം ഉന്നയിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോർഗൻ. കൊലപാതകത്തിൽ സൽമാൻ രാജാവിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മറ്റ് ചില ഉന്നതരുടെ ഗൂഢലോചന ആണ് കൊലപാതകം എന്നും വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ എർദോഗൻ.