തിരുവനന്തപുരം: സി.പി.എമ്മിന്റെ രഹസ്യ അജൻഡയനുസരിച്ച് നിയമവിരുദ്ധമായാണ് ശബരിമലയിൽ പൊലീസ് പെരുമാറുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി കെ. സുരേന്ദ്രൻ പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തിൽ പറഞ്ഞു. അവിടെ മന:പൂർവ്വം യുവതീപ്രവേശനം സാദ്ധ്യമാക്കുകയെന്ന അജൻഡയാണ് സർക്കാരിന്. അടിയന്തരാവസ്ഥയിൽ പോലും നടക്കാത്തതാണ് ശബരിമലയുടെ മറവിലിപ്പോൾ പൊലീസ് നടത്തുന്നത്. കലാപഭൂമിയാക്കി തീർത്ഥാടനം അലങ്കോലമാക്കാനാണ് സർക്കാർ
ശ്രമം.
ക്രമസമാധാനപ്രശ്നം കൈകാര്യം ചെയ്യാനല്ലാതെ, പൂജാവേളയെ അലങ്കോലമാക്കി തീർത്ഥാടകരെ ബുദ്ധിമുട്ടിക്കാൻ സർക്കാരിന് അവകാശമില്ല. നാമജപ പ്രതിഷേധം നടത്തിയ ഭക്തരുടെ ചിത്രങ്ങൾ അപകീർത്തികരമായി പൊലീസ് പ്രദർശിപ്പിക്കുകയാണ്. സന്നിധാനത്ത് തൊഴുത് നിൽക്കുന്ന ഭക്തരുടെ ഫോട്ടോ പ്രദർശിപ്പിക്കാൻ സന്നിധാനത്ത് എന്ത് അക്രമമാണുണ്ടായത്? ഹൈക്കോടതിക്ക് മുന്നിൽ എസ്.ഡി.പി.ഐ നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ ഒരാളുടെയും ഫോട്ടോ പ്രദർശിപ്പിച്ചിട്ടില്ല. ഒരു ഭക്തൻ ഏഴ് ദിവസം ഭജനമിരിക്കാനോ ഉദയാസ്തമനപൂജ നടത്താനോ തീരുമാനിച്ചാൽ പിണറായി വിജയനെങ്ങനെ തടയും? ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിന് അവകാശമില്ല. രക്തരൂഷിത സംഘർഷങ്ങളുണ്ടായ ദേവാലയങ്ങൾ കേരളത്തിലുണ്ട്. അവിടെയൊന്നും പൊലീസ് ഇങ്ങനെ ഇടപെട്ടിട്ടില്ല.
ശബരിമലയിലെത്തിയ ഭക്തൻ ശിവദാസനെ പൊലീസ് അടിച്ചുകൊന്നതാണ്. കള്ളപ്രചരണമാണിപ്പോൾ പൊലീസ് നടത്തുന്നത്. എല്ലാ മാസവും ഒന്നാം തീയതി പോകുന്നയാൾ ഈ മാസം മാത്രം മൂന്നാം തീയതി പോയതെങ്ങനെ? തമിഴ്നാട്ടിൽ നിന്ന് വിളിച്ചുവെന്ന് പറയുന്നു. എല്ലാം ദുരൂഹമാണ്. വീട്ടുകാർ ഇയാളുടെ ശബ്ദം തിരിച്ചറിയാതിരിക്കുമോയെന്ന് ചോദിച്ചപ്പോൾ, ആയിരക്കണക്കിന് ശരണംവിളികളുടെ ബഹളത്തിനിടയിൽ എങ്ങനെ തിരിച്ചറിയുമെന്നായിരുന്നു മറുചോദ്യം. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരായ വധഭീഷണിയിൽ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ശബരിമലയിൽ ബി.ജെ.പിയുടേത് നിഷ്കളങ്കസമീപനമാണ്. രാഷ്ട്രീയപ്രേരിതമേയല്ല. വിശ്വാസികൾക്ക് ബി.ജെ.പിയിലേ വിശ്വാസമുള്ളൂ. വീട്ടിലിരുന്ന് സമരം നടത്തുന്ന രീതി നമ്മൾ പഠിച്ചിട്ടില്ലെന്ന് കോൺഗ്രസിനെ സൂചിപ്പിച്ച് സുരേന്ദ്രൻ പറഞ്ഞു. സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.