മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. മംഗലശ്ശേരി നീലകണ്‌ഠനും, പൂവള്ളി ഇന്ദുചൂഡനും, പ്രഞ്ചിയേട്ടനുമൊക്കെ ആഘോഷമാക്കിയ മലയാളിക്ക് രഞ്ജിത്ത് എന്നും പ്രതീക്ഷ തന്നെയാണ്. ഒരു ചിത്രത്തിൽ നിന്ന് മറ്റൊരു ചിത്രത്തിലേക്കുള്ള സഞ്ചാരത്തിൽ പ്രേക്ഷകനെ ആവേശത്തിന്റെ പാരമ്യത്തിൽ എത്തിക്കാൻ മാത്രമല്ല പച്ചയായ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ പ്രതിഫലിപ്പിക്കാനും രഞ്ജിത്തിന് കഴിഞ്ഞു.
എന്തുകൊണ്ട് ഒരു ദേവാസുരമോ നരസിംഹമോ രഞ്ജിത്തിൽ നിന്ന് വീണ്ടും ഉണ്ടാകുന്നില്ല എന്ന ചോദ്യം പലപ്പോഴും അദ്ദേഹം കേൾക്കാറുണ്ട്. അടുത്തിടെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിന് രഞ്ജിത്ത് നൽകിയ മറുപടി ഏറെ രസകരമായിരുന്നു. 'സിനിമയിൽ എന്നല്ല എന്തിലായാലും ഒരുകാര്യം വിജയിച്ചു കഴിഞ്ഞാൽ അതിന്റെ ആവർത്തനം സൃഷ്‌ടിക്കാനാണ് എല്ലാ കച്ചവട മേഖലയിലും ആളുകൾ ശ്രമിക്കുക. സിനിമയിൽ, അതിൽ വർക്ക് ചെയ്യുന്നവർ മാത്രമല്ല നിർമ്മാതാവ് മുതൽ ഡിസ്‌ട്രിബ്യൂട്ടർക്ക് വരെ അഭിപ്രായമുണ്ട്. ഒരുഘട്ടത്തിൽ ഇതെല്ലാം നമുക്ക് പരിഗണിക്കേണ്ടതായി വരും. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ചെയ്യുന്ന ചിത്രങ്ങളാണ് തിരക്കഥയും, കേരളകഫേയും, കൈയൊപ്പുമൊക്ക.
നന്ദനം എന്ന സിനിമ രാവണപ്രഭുവിന് ശേഷം ആലോചിക്കുമ്പോൾ, ഇൻഡസ്ട്രിയിലെ മുതിർന്ന ഒരു സംവിധായകൻ എന്നോട് ചോദിച്ചത് 'ബിരിയാണി വിറ്റുകൊണ്ടിരിക്കുന്ന കടയിൽ കഞ്ഞിയും പയറും കൊടുത്താൽ ആള് കേറുമോ?' എന്നായിരുന്നു. ബിരിയാണി തന്നെ കൊടുത്തുകൊണ്ടിരുന്നാൽ ആളുകൾക്ക് ബോറടിക്കില്ലേ, കഞ്ഞിയും പയറുമൊന്ന് പരീക്ഷിച്ച് നോക്കാമെന്നാണ് ഞാൻ അദ്ദേഹത്തിന് മറുപടി നൽകിയത്. ഒരു പക്ഷേ അങ്ങനെ മാറി ചിന്തിച്ചതാകാം എന്നെ രക്ഷപ്പെടുത്തിയത്'- രഞ്ജിത്ത് പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഡ്രാമയാണ് രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രം.കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.