bjp-state-president

തിരുവനന്തപുരം: കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിലെത്തിയ ജി.രാമൻനായരെ സംസ്ഥാന ഉപാദ്ധ്യക്ഷനാക്കാൻ തീരുമാനം. മുൻ വനിതാകമ്മിഷൻ അംഗം ജെ.പ്രമീള ദേവിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി. രാമൻനായരെക്കൂടാതെ നിരവധി കെ.പി.സി.സി ഭാരവാഹികൾ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. അവരിൽ ചിലരുമായി ചർച്ച നടത്തുകയാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് നടന്ന പരിപാടിയിൽ വ്യക്തമാക്കി.

ഒന്നുമാഗ്രഹിക്കാതെ പാർട്ടിയിലേക്ക് വന്നവരാണ് രാമൻനായരും പ്രമീളാ ദേവിയുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അവർക്ക് അർഹമായ സ്ഥാനം നൽകേണ്ടതുണ്ട്. അതിനാൽ താൻ ജി.രാമൻനായരെ സംസ്ഥാന ഉപാദ്ധ്യക്ഷനായും പ്രമീളാ ദേവിയെ സംസ്ഥാന കമ്മിറ്റിയിലേക്കും താൻ നാമനിർദ്ദേശം ചെയ്യുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പത്തനംതിട്ടയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ജി.രാമൻനായർ ബി.ജെ.പിയിൽ ചേർന്നത്.