ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിൻമേലിരിക്കുന്ന തേളിനെപ്പോലെയാണെന്ന ശശി തരൂർ എം.പിയുടെ പരാമർശത്തിൽ അപകീർത്തിക്കേസ്. ഡൽഹിയിലെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറാണ് പരാതി നൽകിയത്. തന്റ മതവികാരം വ്രണപ്പെട്ടതായും ഭക്തരുടെ വിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അഭിഭാഷകൻ
നീരജ് മുഖേനയാണ് ബി.ജെ.പി ഡൽഹി വൈസ് പ്രസിഡന്റ് കൂടിയായ രാജീവ് ബബ്ബർ ഡൽഹി കോടതിയിൽ ഹർജി നൽകിയത്.
ബി.ജെ.പി നേതാക്കളെയും പ്രവർത്തകരയും അധിക്ഷേപിക്കുന്നതും അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്നും ഹർജിയിലുണ്ട്.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ് അപകീർത്തിക്കേസെന്ന് തരൂർ പ്രതികരിച്ചു. കേസ് നവംബർ 16ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി,
മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേൾ’ ആണെന്ന് ഒരു മാധ്യമപ്രവർത്തകനോട് ആർ.എസ്.എസുകാരൻ പറഞ്ഞതായി ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. ശിവലിംഗത്തിലിരിക്കുന്ന തേളിനെ കൈകൊണ്ട് എടുക്കാനും ചെരിപ്പുകൊണ്ട് അടിക്കാനും വയ്യാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.