പത്തനാപുരം: 'ശബരിമലയ്ക്ക് പോകുമല്ലേടി' എന്ന് അക്രോശിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ രശ്മി നായരുടെ വീട്ടിന് നേരെ കല്ലെറിഞ്ഞ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് മൂന്ന് മണിയോടെയാണ് ഈ സംഭവം നടന്നതെന്ന് രശ്മി പറയുന്നു. പത്തനാപുരം കരിമ്പാലൂരുള്ള തന്റെ വീട്ടിലേക്ക് 'ശബരിമലയ്ക്ക് പോകുമല്ലേടി' എന്ന് ചോദിച്ച് അക്രമി തുടർച്ചയായി കല്ലെറിയുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ ഇയാൾ സിറ്റൗട്ടിലേക്ക് കയറി വന്നു. തുടർന്ന് ഇയാളെ അവിടെ നിന്നും ഇറക്കി വിട്ടപ്പോൾ വീട്ടിന്റെ മതിലിന് പുറത്തു നിന്ന് വീണ്ടും കല്ലെറിയുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് അരമണിക്കൂറിനുള്ളിൽ പൊലീസ് വന്ന് അക്രമിയെ കൊണ്ടു പോയി. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. അയൽവാസിയായ ഇയാളുടെ പേര് രാജൻ എന്നാണെന്നും രശ്മി പറയുന്നു.
സംഭവം നടന്ന അൽപസമയത്തിനകം ഇതേ കുറിച്ച് രശ്മി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
"ശബരിമലയ്ക്ക് പോകും അല്ലേടി എന്ന് ചോദിച്ചു വീടിനു നേരെ കല്ലുകള്‍ വീണു തുടങ്ങി ഇപ്പോഴും തുടരുന്നു കുട്ടികള് പേടിച്ചിട്ടുണ്ട് പത്തനാപുരം CIയെയും പോലീസ് സ്റെഷനിലും അറിയിച്ചിട്ടുണ്ട്."
കല്ലെറിഞ്ഞ വ്യക്തിയെ പൊലീസ് കൊണ്ടു പോയ ശേഷം കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ അക്രമി സംഘപരിവാർ പ്രവർത്തകനാണെന്നും രശ്മി ആരോപിക്കുന്നുണ്ട്. ആ പോസ്റ്റ് ചുവടെ:
"സെഫാണ് . കല്ലെറിഞ്ഞ സംഘിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ട് പോയി. "