ന്യൂഡൽഹി: അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ നായകൻ സർദാർ സിംഗ് രംഗത്തെത്തിയത് പുതിയ വിവാദങ്ങൾക്ക് വഴിവച്ചു. ഹോക്കി ഇന്ത്യയുടെ ഹൈ പെർഫോമൻസ് ഡറക്ടർ ഡേവിഡ് ജോണും മുൻ ഇന്ത്യൻ കോച്ച് ഡച്ച്കാരൻ സ്ജോർഡ് മരിജിനുമാണ് തന്റെ പെട്ടെന്നുള്ള വിരമിക്കലിന് കാരണക്കാരെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 32 കാരനായ സർദാർ വെളിപ്പെടുത്തി.
റോളണ്ട് ഓൾട്ട്മാൻസിനെ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഹോക്കി ഇന്ത്യ നീക്കിയതോടെയാണ് തന്റെ കഷ്ടകാലം ആരംഭിക്കുന്നതെന്ന് സർദാർ പറയുന്നു. ജോണിനും മിരിജിനും പുതിയ കളിക്കാരെ പരീക്ഷിക്കാനായിരുന്നു താത്പര്യം. 2017ലെ ഏഷ്യാകപ്പ് ജയിച്ച് തിരിച്ചുവന്നപ്പോൾ ടീമിൽ തുടരാനാകുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ ഒരുകാരണവുമില്ലാതെ തന്നെ പുറത്താക്കുകയായിരുന്നു. തുടർന്നങ്ങോട്ട് അവഗണതുടരുകയായിരുന്നുവെന്ന് സർദാർ പറയുന്നു.
ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്ഥാനക്കാരായി നാട്ടിൽ തിരിച്ചെത്തിയ ഉടനേയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ പ്രഥഗണനീയനായ സർദാർ വിരമിക്കൽ പ്രഖ്യാപിച്ചത്. 314 മത്സരങ്ങളിൽ സർദാർ ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുണ്ട്.