ബംഗലുരു: നടിയും ഗായികയുമായ വസുന്ധരദാസിനെ കാബ് ഡ്രൈവർ നടുറോഡിൽ വച്ച് തടഞ്ഞു നിറുത്തി അപമാനിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇന്നലെയാണ് ഇതുസംബന്ധിച്ച് മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ ഡ്രൈവർക്കെതിരെ പരാതി നൽകിയത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മല്ലേശ്വരം മർഗോസ റോഡിലെ സിഗ്നലിന് സമീപമാണ് സംഭവം. നടി സിഗ്നൽ തെറ്റിച്ച് തന്റെ ടൊയോട്ടോ എത്തിയോസ് കാറിന്റെ വഴിമുടക്കിയെന്ന് പറഞ്ഞാണ് ഡ്രൈവർ പ്രശ്നമുണ്ടാക്കിയത്. തുടർന്ന് കാർ ഓടിച്ചുപോയ വസുന്ധരദാസിനെ നാലുകിലോമീറ്റർ ദൂരം പിന്തുടർന്ന് മല്ലേശ്വരം 18 ക്രോസ് റോഡിലെ സിഗ്നലിൽ വച്ചു കാബ് ഡ്രൈവർ തടഞ്ഞുനിറുത്തുകയായിരുന്നു. തുടർന്നാണ് നടിക്ക് നേരെ അധിക്ഷേപകരമായി സംസാരിച്ചതെന്ന് പരാതിയിൽ പറയുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മല്ലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആരോപണവിധേയനായ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.
ഗായികയായി ചലച്ചിത്ര രംഗത്തെത്തിയ വസുന്ധരദാസ് കമൽഹാസന്റെ ഹേ റാമിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. മലയാളത്തിൽ മോഹൻലാലിനോടൊപ്പം രാവണപ്രഭുവിലും വജ്രത്തിൽ മമ്മൂട്ടിക്കൊപ്പവും നായികയായി അഭിനയിച്ചു. വസുന്ധരാദാസ് ഇപ്പോൾ സിനിമാരംഗത്ത് സജീവമല്ല.