തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പൊലീസ് അറിയിച്ചു.
ചീഫ് പൊലീസ് കോർഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണൻ ജോയിന്റ് പൊലീസ് കോർഡിനേറ്റർ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐ.ജി എം.ആർ.അജിത് കുമാറും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐ.ജി.അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേൽനോട്ടം വഹിക്കും.
പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും.സന്നിധാനത്തും നിലയ്ക്കൽ, പമ്പ മേഖലകളിലുമായി 20 അംഗ കമാന്റോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നൂറ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 2300 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
അതിനിടെ പ്രതിഷേധവും സംഘർഷസാദ്ധ്യതയും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ നട അടയ്ക്കുന്ന ആറിന് അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ അയ്യപ്പഭക്തരെ നിലയ്ക്കലിൽ പരിശോധിച്ച ശേഷമേ പമ്പയിലേക്കും സന്നിധാനത്തേക്കും വിടൂ. പൊലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിച്ചാൽ നേരിടാൻ തന്നെയാണ് ബി.ജെ.പിയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും നീക്കം.