1. കോൺഗ്രസുമായി പിരിഞ്ഞ് ബി.ജെ.പിയിൽ എത്തിയ ജി. രാമൻ നായരെ സംസ്ഥാന ഉപാദ്ധ്യക്ഷനാക്കാൻ പാർട്ടി തീരുമാനം. മുൻ വനിതാ കമ്മിഷൻ അംഗം പ്രമീള ദേവിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തും. രാമൻനായരെ കൂടാതെ നിരവധി കെ.പി.സി.സി ഭാരവാഹികൾ പാർട്ടിയിൽ ചേരുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള
2. പലരുമായും ചർച്ചകൾ നടത്തുകയാണ്. ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാകും. ഒന്നും ആഗ്രഹിക്കാതെ പാർട്ടിയിലേക്ക് എത്തിയവരാണ് രാമൻനായരും പ്രമീള ദേവിയും. അവർക്ക് അർഹമായ സ്ഥാനം നൽകേണ്ടതുണ്ട് എന്നും ശ്രീധരൻ പിള്ള. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ ബി.ജെ.പി നടത്തിയ പരിപാടിയിൽ പങ്കെടുത്തതിനാണ് രാമൻ നായരെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് രാമൻ നായർ ബി.ജെ.പിയിൽ ചേർന്നത്
3. ശബരിമലയിൽ ഇന്ന് അർദ്ധരാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരാനിരിക്കെ മേഖലയിൽ പൊലീസ് നിയന്ത്റണം തുടങ്ങി. എ.ഡി.ജി.പി അനിൽകാന്തിന് സുരക്ഷാ ചുമതല. എസ്. അനന്തകൃഷ്ണൻ ജോയിന്റ് പൊലീസ് കോർഡിനേറ്റർ. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അശോക് യാദവിന് ചുമതല. മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങൾ എം. ആർ. അജിത് കുമാർ നിയന്ത്റിക്കും.
4. ചുമതലകൾ നിശ്ചയിച്ചതോടെ നടപടികൾ കടുപ്പിച്ച് പൊലീസ്. നിലയ്ക്കൽ എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപ് വാഹനങ്ങൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുന്നുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കും നിയന്ത്റണമുണ്ട്. യുവതീ പ്രവേശന വിഷയത്തിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് സാദ്ധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ റപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സന്നിധാനം മുതൽ വടശേരിക്കര വരെയുള്ള പ്രദേശത്തെ 5 സുരക്ഷാ മേഖലകളായി തിരിച്ചാണ് പൊലീസിന്റെ മുന്നൊരുക്കം
5. 1500 അംഗ പൊലീസ് സംഘത്തെയാണ് വിന്യസിക്കുക, ആവശ്യമെങ്കിൽ സേനയുടെ അംഗബലം കൂട്ടും. ഭക്തരല്ലാത്ത ആരെയും സന്നിധാനത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും പൊലീസ്. അതേസമയം, ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് നടതുറക്കേണ്ടതുണ്ടോ എന്ന് ആലോചിക്കണം എന്ന് തന്ത്റി സമാജം. ആചാരങ്ങളുടെ തീരുമാനവും നടത്തിപ്പും കോടതി മുറികളിൽ ചോദ്യം ചെയ്യപ്പെടരുത് എന്നും തന്ത്റി സമാജം
6. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിന് മുഖ്യമന്ത്റി പിണറായി വിജയൻ നാളെ വിമാനത്താവളത്തിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് എത്തുന്ന മുഖ്യമന്ത്റി വിമാനത്താവളം സന്ദർശിച്ച ശേഷം അവലോകന യോഗത്തിൽ പങ്കെടുക്കും. വ്യവസായ മന്ത്റി ഇ.പി.ജയരാജൻ, കളക്ടർ മിർ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും
7. ഡിസംബർ ഒൻപതിനു നടക്കുന്ന ഉദ്ഘാടനത്തിൽ ഒരു ലക്ഷം പേരെയാണ് കിയാൽ പ്രതീക്ഷിക്കുന്നത്. കേരളീയ തനിമയിലാണ് ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തിന്റെ വേദി വിമാനത്താവളത്തിൽ എവിടെയാക്കും എന്ന് മുഖ്യമന്ത്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും. വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന്റെ പരിശോധന പൂർത്തിയായതിനാൽ നാളെ വീണ്ടും യാത്രാ വിമാനം പരീക്ഷണ പറക്കൽ നടത്താനെത്തും
8. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആയിരുന്നില്ല എന്ന് ഭാര്യ ലക്ഷ്മി. ഡ്രൈവർ അർജുൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകട സമയം ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുക ആയിരുന്നു. താനും മകൾ തേജസ്വിനിയും ആയിരുന്നു മുൻ സീറ്റിൽ ഇരുന്നത്. ദീർഘ ദൂര യാത്രകളിൽ ബാലഭാസ്‌കർ വാഹനം ഓടിക്കാറില്ലെന്നും പൊലീസിനു നൽകിയ മൊഴിയിൽ ലക്ഷ്മി
9. നേരത്തെ ഡ്രൈവർ പൊലീസിന് നൽകിയ മൊഴിക്ക് വിരുദ്ധമാണ് ലക്ഷ്മിയുടെ മൊഴി. തൃശൂരിൽ നിന്ന് കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചിരുന്നുള്ളൂ എന്നും അപകട സമയം ബാലഭാസ്‌കർ ആണ് വാഹനം ഓടിച്ചിരുന്നത് എന്നുമായിരുന്നു അർജുൻ പൊലീസിന് മൊഴി നൽകിയത്. രണ്ട് ദിവസം മുൻപാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ലക്ഷ്മിയെ ഡിസ്ചാർജ് ചെയ്തത്
10. എൻ.സി.പി - കേരള കോൺഗ്രസ് ലയനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി തോമസ് ചാണ്ടി എം.എൽ.എ. തത്വത്തിൽ ലയനം ആയി കഴിഞ്ഞു. തുടർ ചർച്ചകൾക്കായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചർച്ചകൾക്കു ശേഷം റിപ്പോർട്ട് ശരത് പവാറിന് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഔദ്യോഗിക ലയന പ്രഖ്യാപനം എന്നും തോമസ് ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു