കോഴിക്കോട് : മോഷണം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച തമിഴ്നാട് സ്വദേശി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. തിരുനെൽവേലി പനവടലിചത്രം സ്വദേശി സ്വാമിനാഥനാണ് (39) മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണകാരണം അറിവായിട്ടില്ല. ദേഹത്ത് പരിക്കുകളൊന്നുമില്ല.
ഇന്നലെ രാവിലെ ഏഴിന് കാട്ടുകുളങ്ങരയിൽ ഇയാളുടെ അകന്ന ബന്ധു നടത്തുന്ന ആക്രിക്കടയിൽ മോഷണം നടത്തുന്നതിനിടയിലാണ് സ്വാമിനാഥൻ പിടിയിലാവുന്നത്. മെഡിക്കൽ കോളേജ് പൊലീസ് ഏഴരയോടെ സ്വാമിനാഥനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ചു. അൽപ്പ സമയം കഴിഞ്ഞ് സ്വാമിനാഥന് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് പൊലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 1.10 ന് മരണമടഞ്ഞു. ഇന്ന് രാവിലെ ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തും. ഇതിന് ശേഷമേ മരണകാരണം കണ്ടെത്താനാവൂ എന്ന് മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. വർഷങ്ങളായി ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളാണ് സ്വാമിനാഥനെന്നും തമിഴ്നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇയാളുടെ പേരിൽ മോഷണ കുറ്റത്തിന് മറ്റ് സ്റ്റേഷനുകളിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.