-big-raffle

ദുബായ്: ബിഗ് റാഫേൽ ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ ഭാഗ്യം കടാക്ഷിക്കുന്നത് തുടർക്കഥയാകുന്നു. അപ്രതീക്ഷിതമായി വന്ന് ചേർന്ന ഭാഗ്യത്തിന്റെ കരുത്തിൽ ജീവിതം മറുകരയിലെത്തിച്ചവരും നിരവധിയാണ്. ബിഗ് ടിക്കറ്റിന്റെ ഇത്തവണത്തെ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചത് പത്തനംതിട്ട സ്വദേശിയും ദുബായിലെ അൽ ഷഫർ ജനറൽ കോൺട്രാക്‌ടിംഗ് കമ്പനിയിലെ ജീവനക്കാരനുമായ ബ്രിറ്റി മാർക്കോസിനാണ്. ഒരു കോടി യു.എ.ഇ ദിർഹം (ഏകദേശം 20 കോടിയിലേറെ രൂപ) ആണ് സമ്മാനത്തുക. താൻ അഞ്ചാം തവണ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് ബ്രിറ്റി വ്യക്തമാക്കി. സമ്മാനം ലഭിച്ച പത്ത് പേരിൽ ഒമ്പതും ഇന്ത്യാക്കാരാണ്. ഇവരിൽ കൂടുതലും മലയാളികളാണെന്നതും ശ്രദ്ധേയമാണ്.

ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചെന്ന് അറിയിച്ച് കൊണ്ട് വിളിയെത്തുമ്പോൾ തട്ടിപ്പുകാരുടെ വിദ്യയാണെന്ന് പറഞ്ഞ് ആദ്യം അവഗണിക്കുകയാണ് സമ്മാനം നേടിയവരിൽ ഭൂരിഭാഗവും ചെയ്യുന്നത്. എന്നാൽ ഏറെ പ്രതീക്ഷയോടെ എടുത്ത ടിക്കറ്റിൽ സമ്മാനം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് ബ്രിറ്റി ഒരു ഓൺലൈൻ മാദ്ധ്യമത്തോട് വ്യക്തമാക്കി. ആദ്യം ഒന്ന് അമ്പരന്നിരുന്നു. എന്നാൽ ഈ സമ്മാനം പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സമ്മാനത്തുക എന്തിന് വേണ്ടി വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും സ്വന്തമായി ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. കമ്പനിയിലെ ജോലി തീരാൻ നാല് മാസം കൂടി ബാക്കിയുണ്ട്. അതിന് ശേഷമേ മറ്റ് എന്തെങ്കിലും കാര്യത്തെക്കുറിച്ച് ചിന്തിക്കൂവെന്നും ബ്രിറ്റി കൂട്ടിച്ചേർത്തു.