പാറ്റ്ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യ റായിയും വേർപിരിയുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ തനിക്ക് ഇനി വീർപ്പുമുട്ടി ജീവിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി തേജ് പ്രതാപ് രംഗത്തെത്തി. ലളിതജീവിതം നയിക്കുന്ന തനിക്ക് ഭാര്യയുടെ 'മോഡേൺ' രീതികളുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് വിവാഹമോചന ഹർജി നൽകിയതെന്ന് തേജ് പ്രതാപ് പറഞ്ഞു. ബോധ്ഗയയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗ്രഹിച്ച രീതിയിലുള്ള വിവാഹ ജീവിതമായിരുന്നില്ല ലഭിച്ചത്. താനുമായി ഒത്തുപ്പോകാത്ത ജീവിത രീതിയായിരുന്നു അവളുടേത്. ശ്വാസംമുട്ടിയുള്ള ജീവിതമായിരുന്നു തന്റേത് - തേജ് പ്രതാപ് പറഞ്ഞു. വിവാഹം വേണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞെങ്കിലും ആരും കേട്ടില്ല. ഞാനും അവളും ഒരിക്കലും യോജിച്ചു പോകുന്നവരല്ല. ഡൽഹിയിൽ പഠിച്ചുവളർന്ന ഐശ്വര്യയ്ക്ക് അത്തരം ജീവിതരീതികളായിരുന്നു താത്പര്യമെന്നും തേജ്പ്രതാപ് വിശദമാക്കി. കഴിഞ്ഞ മെയ് 12നാണ് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപും ആർ.ജെ.ഡി എം.എൽ.എ ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യറായിയും വിവാഹിതരായത്.