sardar-patel

ലണ്ടൻ: 3000 കോടി രൂപയുടെ പ്രതിമ നി‌ർമ്മിക്കുന്ന ഇന്ത്യയ്ക്ക് ധനസഹായം നൽകുന്നതെന്തിനെന്ന് ബ്രിട്ടിഷ് പാർലമെന്റ് അംഗം പീറ്റർ ബോൺ. സർദാർ പട്ടേലിന്റെ പ്രതിമയുടെ നിർമ്മാണം തുടങ്ങിയ 2012 മുതൽ 2018 വരെ ഇന്ത്യക്ക് ബ്രിട്ടൻ ഒരു ബില്യൺ പൗണ്ടിലേറെ ( ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് പീറ്റർ ബോൺ ചൂണ്ടിക്കാട്ടിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.

2012ൽ 300 മില്യൺ പൗണ്ട് (2839 കോടി രൂപ), 2013ൽ 268 മില്യൺ പൗണ്ട് (2536 കോടി രൂപ), 2014ൽ 278 മില്യൺ പൗണ്ട് (2631 കോടി രൂപ), 2015ൽ 185 മില്യൺ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയായിരുന്നു ഇന്ത്യക്ക് സാമ്പത്തികസഹായം അനുവദിച്ചത്. കൂടാതെ ചെറിയ രീതിയിലുള്ള ധനസഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടൻ നൽകിയതായി പീറ്റർ ബോൺ അവകാശപ്പെട്ടു. ഇന്ത്യക്ക് ബ്രിട്ടൻ നൽകി വന്നിരുന്ന ധനസഹായം 2015ൽ നിറുത്തലാക്കിയിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികൾ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നൽകി വരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

3000 കോടി രൂപ ചെലവിൽ ഗുജറാത്തിലെ നർമ്മദ നദിയിലെ സാധു ബെറ്റ് ദ്വീപിൽ ഒക്ടോബർ 31നാണ് സർദാർ പട്ടേൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിക്കിടെ 3000 കോടി രൂപ ചെലവിൽ പ്രതിമ നിർ‌മ്മിച്ചതിനെതിരെ രാജ്യാന്തര തലത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.