തഞ്ചാവൂർ: മറ്രൊരു വിവാഹത്തിൽ തയ്യാറായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. തമിഴ്നാട്ടിൽ തഞ്ചാവൂർ ജില്ലയിലാണ് സംഭവം. സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വസന്തപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കടലൂര് സ്വദേശിയായ നന്ദകുമാറിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ ഏറെ വർഷത്തെ പ്രണയബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹത്തിന് വസന്തപ്രിയ സമ്മതിച്ചതാണ് കൊലപാതകത്തിന് പ്രേരകമായത്. വിവാഹത്തിൽ നിന്ന് പിന്തിരിയണമെന്ന് ഒട്ടേറെ തവണ നന്ദകുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാരുടെ തീരുമാനം എതിർക്കില്ല എന്ന നിലപാടിലായിരുന്നു യുവതി.
കഴിഞ്ഞ വ്യാഴാഴ്ച വസന്തപ്രിയ ജോലി ചെയ്യുന്ന സ്കൂളിലെത്തിയ നന്ദകുമാർ അവരെയും കൂട്ടി ഉമാമഹേശ്വരത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തി. വിവാഹത്തിൽ നിന്ന് പിന്തിരിയണമെന്ന് നന്ദകുമാർ വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും മുൻപത്തെ നിലപാടിൽ തന്നെയായിരുന്നു യുവതി. തുടർന്ന നടന്ന വാക്കേറ്റത്തിനൊടുവിൽ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് നന്ദകുമാർ വസന്തപ്രിയയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുംഭകോണത്ത് ഹോട്ടൽ ഉടമയായ കുമാറിന്റെ മകളാണ് വസന്തപ്രിയ.