cricket

കൊൽക്കത്ത: ഇന്ത്യയും വെസ്റ്രിൻഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. രാത്രി ഏഴ് മുതലാണ് മത്സരം. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ട്വന്റി-20യിൽ വിൻഡീസിനെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ടെസ്റ്റിലും ഏകദിനത്തിൽ നിന്നും വ്യത്യസ്തമായി ട്വന്റി - 20യിൽ ഏറെ കരുത്തരായ വിൻഡീസ് ഇന്ത്യയോട് ഇതുവരെ വഴങ്ങിയ തോൽവികൾക്ക് പകരം വീട്ടാമെന്ന കണക്കുകൂട്ടലിലാണ്. 2014ന് ശേഷം ഇന്ത്യയ്ക്ക് ട്വന്റി-20യിൽ വിൻഡീസിനെ തോൽപിക്കാനായിട്ടില്ല.നിലവിൽ ട്വന്റി-20യിലെ ലോകചാമ്പ്യൻമാരാണ് വിൻഡീസ്. കൊഹ്‌ലിക്ക് വിശ്രമമനുവദിച്ചതിനാൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് കാർലോസ് ബ്രാത്ത്‌വെ‌യ്റ്രിന്റെ നേതൃത്വത്തിലാണ് കരീബിയൻ പടയിറങ്ങുന്നത്

ജയിച്ചുകയറാൻ ടീം ഇന്ത്യ

തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് വേദിയായ അഞ്ചാം ഏകദിനം ജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ട്വന്റി-20യിലും വിജയക്കൊടി നാട്ടാനാകുമെന്ന ഉറച്ച പ്രതീക്ഷിയിൽ തന്നെയാണ്. മത്സരത്തിന് തലേന്ന് തന്നെ ഇന്ത്യ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചത് ഇതിന്റെ തെളിവാണ്. ഇതിഹാസ താരം എം.എസ്. ധോണിയ്ക്ക് പകരം ടീമിലുൾപ്പെടുത്തിയ യുവതാരം റിഷഭ് പന്തിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്നറിയാനാണ് എല്ലാവരുടെയും ആകാംഷ. മറ്രൊരുവിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് ടീമിലുണ്ടെങ്കിലും ദീർഘ കാല നിക്ഷേപമായി കാണുന്ന പന്തിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ധോണിയുഗത്തിന് ശേഷമുള്ള ആദ്യ ട്വന്റി-20 മത്സരമെന്ന് ഈ മത്സരത്തെ വിശേഷിപ്പിക്കാം.

പകരം വീട്ടാൻ വിൻഡീസ്

ബ്രാത്ത്‌വെയ്റ്ര്, കീറോൺ പൊള്ളാഡ്, ഡാരൻ ബ്രാവോ ദിനേഷ് രാംദിൻ തുടങ്ങിയ സൂപ്പർതാരങ്ങൾ അടങ്ങിയ വിൻഡീസ് ടീം കരുത്തരുടെ കൂട്ടമാണ്. അതേസമയം സൂപ്പർതാരം ആന്ദ്രേ റസ്സൽ ആദ്യ മത്സരത്തിൽ ഉണ്ടായേക്കില്ലെന്നത് അവർക്ക് മത്സരത്തിന് മുമ്പ് തിരിച്ചടിയാണ്. വിമാനം വൈകിയതിനാലാണ് ആദ്യ ട്വന്റി-20യിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയാത്തതെന്നാണ് ലഭിക്കുന്ന വിവരം. ട്വന്റി-20യിൽ ഈ വർഷം മികച്ച റെക്കാഡ് തന്നെയാണ് വെസ്റ്റിൻഡീസിനുള്ളത്. വിൻഡീസിന്റെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് ഈഡൻ ഗാർഡൻ. 2016ൽ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബ്രാത്ത്‌വെയ്റ്റ് അവസാന ഓവറിൽ നാല് സിക്സടിച്ച് വിൻഡീസിനെ ചാമ്പ്യൻമാരാക്കിയത് ഇവിടെ വച്ചാണ്.

ഇന്ത്യ പന്ത്രണ്ടംഗ ടീം: രോഹിത്, ധവാൻ, രാഹുൽ, പന്ത്, മനീഷ്, കാർത്തിക്, ക്രുനാൽ,കുൽദീപ്,ഭുവനേശ്വർ,ബുംര,ഖലീൽ,ചഹൽ

വിൻഡീസ് സാധ്യതാ ടീം: ബ്രാത്ത്‌വെയ്റ്റ്, അല്ലെൻ, ബ്രാവോ, ഹെറ്റ്മെയർ, പോൾ, പൊള്ളാഡ്, രാംദിൻ,റസ്സൽ, റുഥർഫോർഡ്, തോമസ്, പിയറെ, മക്കോയ്, പവൽ, പൂരൻ