മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്തകമായി പ്രസിദ്ധീകരിച്ചു. " ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ" എന്ന പുസ്തകത്തിൽ വിദ്യാഭ്യാസം, വായന, യാത്രകൾ, പ്രണയം, സോഷ്യൽ മീഡിയ, മാധവിക്കുട്ടി, മതം, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളിലെ തന്റെ വീക്ഷണം ടൊവീനോ പങ്കുവയ്ക്കുന്നു.
കാർ, ഫോൺ തുടങ്ങിയ എല്ലാ സംഗതികളും എല്ലാമാസവും അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ നമ്മുടെ വിദ്യാഭ്യാസം മാത്രം എന്താണ് കാലഘട്ടത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യാത്തതെന്ത് എന്ന് 'ചില വിദ്യാഭ്യാസ ചിന്തകൾ' എന്ന കുറിപ്പിൽ ടൊവിനോ ചോദിക്കുന്നു. മുപ്പത് അദ്ധ്യായങ്ങളുള്ള പുസ്തകത്തിൽ തന്റെ ആദ്യകാലം തൊട്ട്, ചലച്ചിത്രനടൻ ആകുന്നതുവരെയുള ഓർമ്മകൾ താരം കുറിച്ചിടുന്നു. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ മലയാലികൾ പരസ്പരം സ്നേഹിച്ചത് അടുത്തിടെയുണ്ടായ പ്രളയ കാലത്താണെന്ന് പ്രളയപാഠങ്ങൾ എന്ന കുറിപ്പിൽ ടൊവിനോ ഓർമ്മിപ്പിക്കുന്നുണ്ട്.
ടൊവിനോയുടെ ആദ്യപുസ്തകമാണിത്. കോഴിക്കോട്ടെ ഇൻസൈറ്റ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന് നടനും സംവിധായകനുമായ മധുപാലാണ് അവതാരിക എഴുതിയിരിക്കുന്നത്. ഷാർജ പുസ്തകോത്സവത്തിൽ പുറത്തിറക്കിയ പുസ്തകം കേരളത്തിൽ ഉടൻ വിപണിയിലെത്തുമെന്ന് പ്രസാധകർ അറിയിച്ചു.
ടോവിനോ തോമസിന്റെ പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ നവംബർ ഒൻപതിനാണ് റിലീസ് ചെയ്യുന്നത്. മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്