aparna-roy

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അപർണ റോയിക്ക് റെക്കാഡോടെ സ്വർണം

റാഞ്ചി: റാഞ്ചിയിലെ ബിർസാമുണ്ട സ്റ്റേഡിയം വേദിയാകുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം ദേശീയ റെക്കാഡോടെ സ്വർണം നേടി കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി അപർണ റോയി മിന്നും താരമായി.

100 മീറ്റർ ഹർഡിൽസിൽ 13.76 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അപർണ ദേശീയ റെക്കാഡോടെ സ്വർണം നേടയത്. ബാങ്കോക്കിൽ താൻ തന്നെ നേടിയ 13.98 സെക്കൻഡിന്റെ റെക്കോഡാണ് അപർണ തിരുത്തിയത്. പരിക്ക് മൂലം ലോകയൂത്ത് അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ സങ്കടം തീർക്കുന്നതായി അപർണയ്ക്ക് ഈ റെക്കാഡ് സ്വർണ നേട്ടം. അതേസമയം 100 മീറ്ററിൽ അപർണ അഞ്ചാം സ്ഥാനത്തായിപ്പോയി.

അണ്ടർ 18 പെൺകുട്ടികളുടെ 400 മീറ്ററിൽ അബിത മേരി മാനുവലും കേരളത്തിന്റെ അക്കൗണ്ടിലേക്ക് സ്വർണം എത്തിച്ചു. 55.49 സെക്കൻഡിലാണ് അബിതയുടെ സുവർണ ഫിനിഷ്.
മറ്റൊരു കേരള താരം കെ.എം. നിഭ ആറാമതായി. ഹൈജമ്പിൽ കേരളത്തിന്റെ ഗായത്രി ശിവകുമാർ വെള്ളി നേടി. 1.73 മീറ്റർ ക്ലിയർ ചെയ്താണ് ഗായത്രി വെള്ളി നേടിയത്.
ആൺകുട്ടികളുടെ അണ്ടർ 20 1500 മീറ്ററിൽ കേരളത്തിന്റെ അഭിനന്ദ് സുന്ദരേശൻ വെള്ളി നേടി. 3മിനിറ്ര് 51.50 സെക്കൻഡിൽ മീറ്റ് റെക്കാഡ് മറികടന്ന പ്രകടനത്തോടെയാണ് അഭിനന്ദ് ഫിനിഷ് ചെയ്തത്. സ്വർണം നേടിയ ഗുജറാത്തിന്റെ അജീത് കുമാറും (3.49.88 സെക്കൻഡ്) മീറ്റ് റെക്കോഡ് നേടി.
വെങ്കലം നേടിയ ഉത്തരാഖണ്ഡിന്റെ രാകേഷ് മണ്ഡലും (3.53.55 സെക്കൻഡ്) മീറ്റ് റെക്കോഡ് കടന്നു. പെൺകുട്ടികളുടെ അണ്ടർ 18 1500 മീറ്ററിൽ മിന്നു പി. റോയ് 4.40.33 സെക്കൻഡിൽ വെങ്കലം നേടി.