ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് മുൻപ് യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കെ. സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രന്റെ ആരോപണം. പൊലീസ് വിന്യാസവും ഭീഷണിയുമെല്ലാം ഈ ഉദ്ദേശത്തിലാണ്. മുഖ്യമന്ത്രി തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത്. നേരത്തെ പമ്പ വരെ വന്ന് മടങ്ങിയ മേരി സ്വീറ്റി എന്ന സ്ത്രീ മുഖ്യമന്ത്രിയുടെയും കടകംപളളിയുടെയും ഓഫിസിൽ വന്നത് ഇതിന്റെ സൂചനയാണെന്നും സുരേന്ദ്രന്റെ കുറിപ്പിലുണ്ട്. ചിത്തിര ആട്ടത്തിനായി നവംബർ 5ന് ശബരിമല നട ഒരു ദിവസത്തേക്ക് തുറക്കും.
സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
"ചിത്തിര ആട്ട വിശേഷപൂജയ്ക്കു നട തുറക്കുന്നതിനു മുന്നേ തന്നെ യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഈ പൊലീസ് വിന്യാസവും ഭീഷണിയുമെല്ലാം ഈ ഉദ്ദേശത്തിലാണ്. മുഖ്യമന്ത്രി തന്നെയാണ് ഇതിനു നേതൃത്വം നൽകുന്നത്. നവംബർ ഒന്നാം തീയതി വൈകുന്നേരം 4. 25 ന് കഴക്കൂട്ടത്തുള്ള കടകമ്പള്ളി സുരേന്ദ്രന്റെ സുഹൃത്ത് മേരി സ്വീറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലും തുടർന്ന് കടകമ്പള്ളിയുടെ ഓഫീസിലും വന്നത് ഇതിന്റെ സൂചനയാണ്. നേരത്തെ പമ്പ വരെ വന്ന് മടങ്ങിപ്പോയ സ്ത്രീയാണ് മേരി സ്വീറ്റി. അങ്ങേയറ്റം പ്രകോപനപരമായ നിലപാടാണിത്."