ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർനൂളിൽ വിവാഹാഭ്യർത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാർത്ഥിയുടെ കഴുത്ത് മുറിച്ച ശേഷം അദ്ധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു. കുർനൂൾ ജില്ലയിലെ ബൻഗാരപേറ്റ റോക്ക്വെൽ ഹൈസ്കൂളിൽ ഹിന്ദി അധ്യാപകനായ ശങ്കറാണ് (30) പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. അച്ഛനും അമ്മയും പുറത്ത് പോയ സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയ അദ്ധ്യാപകൻ ബ്ലേഡ് കൊണ്ട് പെൺകുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്.
നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിനു ശേഷം ശങ്കറും കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടുകാർ ശങ്കറിനെ പിടികൂടി മർദ്ദിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അദ്ധ്യാപകൻ മോശമായി പെരുമാറിയെന്നും പ്രണയാഭ്യർത്ഥന നടത്തിയെന്നും പെൺകുട്ടി നേരത്തെ മാതാവിനെ അറിയിച്ചിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തരുതെന്ന് അദ്ധ്യാപകനെ താക്കീത് ചെയ്തിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. സ്കൂളിൽ താത്കാലികമായി ജോലി നോക്കുകയായിരുന്നു ശങ്കർ. സംഭവത്തിൽ ശങ്കറിനെ സസ്പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ആന്ധ്രപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീനിവാസ് അറിയിച്ചു.