പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടത്തിനായി നട തുറക്കാനിരിക്കെ കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരത്തും പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനെ തടയാനായി പൊലീസിനെപ്പോലെ തങ്ങളും നല്ല തയ്യാറെടുപ്പിലാണെന്ന് അയ്യപ്പധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ വ്യക്തമാക്കി. ശബരിമലയിലേക്ക് പോകാനുള്ള വഴിയിൽ വീണ്ടും എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ അഞ്ച് ദിവസം പ്രതിരോധിച്ചത് പോലെ ഇനിയും ഒരു ദിവസം കൂടി പ്രതിരോധിച്ചാൽ ഒരു പക്ഷേ ചരിത്ര വിജയമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നടക്കം അനുകൂല തീരുമാനങ്ങൾ ലഭിക്കുമെന്നും രാഹുൽ ഈശ്വർ വീഡിയോയിൽ വ്യക്തമാക്കി.
പൊലീസുകാർ നല്ല തയ്യാറെടുപ്പിലാണ്. അവരെപ്പോലെ നമ്മളും തയ്യാറെടുപ്പിൽ തന്നെയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ശബരിമലയിൽ സുരക്ഷയൊരുക്കാൻ പൊലീസുകാർ നടത്തുന്ന തയ്യാറെടുപ്പുകളും വീഡിയോയിലൂടെ രാഹുൽ പുറത്തുവിട്ടിട്ടുണ്ട്.നേരത്തെ ശബരിമല പ്രക്ഷോഭങ്ങളുടെ പേരിൽ രണ്ട് തവണ രാഹുലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യവും ലഭിച്ചിരുന്നു. നവംബർ അഞ്ചിന് സന്നിധാനത്ത് ആവശ്യമായതിനാലാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നാണ് രാഹുലിന്റെ അഭിപ്രായം. നേരത്തെ ശബരിമല പ്രക്ഷോഭകാരികൾക്ക് വിതരണം ചെയ്യാൻ വാക്കിടോക്കികൾ കയ്യിൽ പിടിച്ച് കൊണ്ടുള്ള രാഹുലിന്റെ ചിത്രവും പുറത്തുവന്നിരുന്നു.