മുംബയ്: മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 13 പേരുടെ ജീവനെടുത്ത 'അവനി"യെന്ന പെൺ കടുവയെ സുപ്രീംകോടതി നിർദ്ദേശപ്രകാരം വെടിവച്ചുകൊന്നു. കടുവയെ കണ്ടാൽ ഉടൻ വെടിവയ്ക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ സെപ്തംബറിൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ്യവത്‌മൽ ജില്ലയിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ഷാർപ്പ് ഷൂട്ടർ അസ്ഗർ അലി അവനിയെ വെടിവച്ചുകൊന്നത്. 10 മാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളും ഈ സമയം കടുവയ്ക്കൊപ്പമുണ്ടായിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരും മൃഗസ്നേഹികളും പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കടുവയെ കൊല്ലാനായി കഴിഞ്ഞ മൂന്നുമാസമായി വനംവകുപ്പ് ആസൂത്രണം നടത്തിവരികയായിരുന്നു. പരിശീലനം നേടിയ സ്നിഫർ നായ്ക്കൾ, രഹസ്യ കാമറകൾ, ഡ്രോണുകൾ, കടുവയുടെ ചലനം നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയുടെയും 200 സുരക്ഷാ സേനാംഗങ്ങളുടെയും മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് അവനിയെ വകവരുത്തിയത്. എന്നാൽ കടുവയെ ജീവനോടെ പിടിക്കാനായിരുന്നു ശ്രമിച്ചതെന്നും സ്വയരക്ഷയ്ക്കായി വെടിവയ്ക്കേണ്ടി വന്നുവെന്നുമാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. കടുവയെ മയക്കാതെ വെടിവച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ. നേരത്തേ നോട്ടമിട്ടു ഗ്രാമപ്രദേശങ്ങളിൽ കൃഷികൾ വിളഞ്ഞു നിൽക്കുന്നതിൽ രാത്രികാലങ്ങളിൽ കർഷകർ കൃഷിസ്ഥലത്ത് തമ്പടിക്കാറുണ്ട്. കടുവാ ഭീഷണിയുള്ള പ്രദേശമായതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഒക്ടോബർ 25 മുതൽ കടുവാസാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.45 മുതലാണ് ഗ്രാമവാസികൾ പലയിടങ്ങളിലായി അവനിയെ കണ്ടത്. തുടർന്ന് സംഘം കൂടുതൽ ജാഗ്രത പാലിച്ചിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ ഷൂട്ടിംഗ് മറ്റൊരു പെൺ കടുവയുടെ മൂത്രവും ഇവയെ ആകർഷിക്കാൻ കഴിവുള്ള ഒരുതരം അമേരിക്കൻ പെർഫ്യൂമും ഉപയോഗിച്ചാണ് അവനിയെ വരുതിയിലാക്കിയത്. കടുവയെ തിരിച്ചറിഞ്ഞയുടൻ ഒരാൾ മയക്കുവെടി വച്ചെങ്കിലും കൊണ്ടില്ല. എന്നാൽ സംഘത്തിനുനേരെ ചീറി അടുത്തപ്പോൾ അസ്ഗർ അലി വെടിയുതിർക്കുകയായിരുന്നു. 8-10 മീറ്റർ അകലെ നിന്നാണ് വെടിവച്ചത്. 11.30ഓടെ കടുവയെ കീഴ്പ്പെടുത്തി. പോസ്റ്രുമോട്ടത്തിനായി ജഡം നാഗ്പൂരിലെ ഗൊരെവാഡയിലേക്ക് മാറ്രി. ഷൂട്ടർ അസ്ഗർ വിവാദ ഷാർപ്പ് ഷൂട്ടർ നവാബ് ഷഫത് അലിയുടെ മകനാണ് അവനിയെ വെടിവച്ചുകൊന്ന ഷൂട്ടർ അസ്ഗർ അലി. കടുവകളെ പേടിപ്പിച്ച കോർബെറ്റ് ലോക പ്രശസ്തനായ വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനും പ്രമുഖ നായാട്ടുകാരനുമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യൻ പൗരത്വമുള്ള ജിം കോർബെറ്റ്. നിരവധി നരഭോജികളായ വന്യമൃഗങ്ങളെ അദ്ദേഹം വെടിവച്ചു കൊന്നിട്ടുണ്ട്. ചമ്പാവതിയിലെ നരഭോജി കടുവയെ കൊന്നാണ് വേട്ടജീവിതം തുടങ്ങിയത്. പിന്നീട് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നു. ഉത്തരാഘണ്ടിലെ ജിംകോർബെറ്റ് ദേശീയോദ്ധ്യാനത്തിന് ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്. ഗ്രാമവാസികളുടെ പേടിസ്വപ്നം കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആട്ടിടയൻമാരും കർഷകരും അടക്കം 13 പേരെയാണ് അവനി കൊന്നു തിന്നത്. 2012ലാണ് പന്ധർകവ്ഡ വനത്തിൽ അവനി വനംവകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നത്. ഡി.എൻ.എ തെളിവുകളനുസരിച്ച് ഇതിൽ അഞ്ചുപേരെ കൊലപ്പെടുത്തിയത് പെൺകടുവയായ അവനിയാണെന്ന് വ്യക്തമായി. അവനിയെ കൂടാതെ മറ്റൊരു ആൺകടുവ മാത്രമാണ് ഈ കാട്ടിലുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്.